
കണ്ണൂര്‍:എഴുപതുകളിൽ ക്ലബ്ബ് ഫുട്ബോളിലും ദേശീയ ടീമിലും മധ്യനിരയിലെ കരുത്തായൊരു താരം ഇന്ന് ആരുമില്ലാത്തൊരു ജീവിത സായാഹ്നത്തിലാണ്. വാർധക്യത്തിലെ അവശതകളും രോഗവും തളർത്തിയ പ്രേംരാജ് ഗോവിന്ദെന്ന 73കാരന് ഒടുവിൽ തലശ്ശേരിയിലെ അഗതി മന്ദിരം അഭയമായി. സ്വന്തം കുടുംബാംഗങ്ങളെ ഒന്ന് കാണാനും വീണ്ടും പരിശീലക കുപ്പായമണിയാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പ്രേംരാജ് ഗോവിന്ദ്.
മധ്യനിരയിൽ നിന്ന് എതിരാളികളുടെ ഗോൾമുഖം വരെ ചാട്ടൂളിപോലെ കുതിച്ചൊരു കാലം പ്രേംരാജ് ഗോവിന്ദിനുണ്ട്. കണ്ണൂരിൽ പന്ത് തട്ടി തുടങ്ങി, മഹാരാഷ്ട്രയിൽ കത്തിപടർന്ന്, കൊൽക്കത്തയെ ത്രസിപ്പിച്ച പ്രേംരാജ് ഗോവിന്ദ് ജേഷ്ഠന്‍റെ പാത പിന്തുടർന്നാണ് കാൽപന്തുകളിയിലെത്തിയത്. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സിനും ലക്കിസ്റ്റാറിനും വേണ്ടി പന്ത് തട്ടിയെങ്കിലും വെസ്റ്റേണ്‍ റെയിൽവേ താരമായപ്പോഴാണ് ജീവിതം മാറിയത്.
അവിടെ കഴിഞ്ഞില്ല, കൊൽക്കത്ത മുഹമ്മദൻസിനും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കും വേണ്ടി പ്രേംരാജ് ബൂട്ടണിഞ്ഞു, സ്വപ്ന ടീമായ മുംബൈ ഓർക്കെ മിൽസിലും കളിച്ച പ്രേംരാജ് ഇതിനിടെ ഇന്ത്യൻ ജൂനിയർ ടീമിലുമെത്തി. ജീവശ്വാസമായി ഫുട്ബോൾ കൊണ്ടുനടന്നൊരു കാലത്ത് തന്നെ ജന്മനാട്ടിൽ തിരിച്ചെത്തി. 2002ൽ. പരിശീലകനായും വെറ്ററൻസ് ടീമിലും സജീവമായിരിക്കെ കാലിലെ രോഗം തളർത്തി. വാടകവീട്ടിൽ നിന്നിറങ്ങി, മരുന്നിന് പോലും വകയില്ലതായതോടെ തലശേരിയിലെ സുഹൃത്തുക്കൾ സമിറിറ്റൻസ് ഹോമിലെത്തിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി സ്വന്തം കുടുംബവുമായി ബന്ധപ്പെടാൻ ആയിട്ടില്ല. കാണണമെന്നാഗ്രഹമുണ്ട്. അഗതിമന്ദിരത്തിൽ ഒപ്പം ഒരുപാട് പേരുണ്ടെന്ന സന്തോഷത്തിലാണ് അതിജീവനം. ഒരു കാലത്തെ ത്രസിപ്പിച്ച പന്ത് കളിക്കാരന്‍റെ പ്രതീക്ഷ മാത്രം കൈമുതലായുളള വാർധക്യം. പന്തു തട്ടുന്നൊരാളെ കാണാൻ കോടികൾ ചെലവഴിക്കുന്ന ഈ നാട്ടിലെ സംവിധാനങ്ങൾ ഈ കളിക്കാരനെയും ഒന്ന് പരിഗണിക്കണം, പറ്റുമെങ്കിൽ കൈത്താങ്ങാകണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക