പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ; ആഴ്‌സണല്‍-യുണൈറ്റഡ് സൂപ്പര്‍ പോരാട്ടം, സിറ്റിക്കും മത്സരം

By Web TeamFirst Published Jan 22, 2023, 9:39 AM IST
Highlights

മധ്യനിരയിലെ നിർണായക സാന്നിധ്യമായ കാസിമിറോ ഇല്ലാതെയാവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ആഴ്സണലിന്‍റെ മൈതാനത്ത് രാത്രി പത്തിനാണ് കളി തുടങ്ങുക. മാഞ്ചസ്റ്റർ സിറ്റിക്കും ഇന്ന് കളിയുണ്ട്.

തോൽക്കാൻ മടിയുള്ള, കിരീടം വീണ്ടെടുക്കാൻ പൊരുതുന്ന ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും മുഖാമുഖം വരികയാണ്. കിരീടത്തിലേക്കുള്ള യാത്രയിൽ ഇരു ടീമിനും ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. 18 കളിയിൽ 47 പോയിന്‍റുമായാണ് ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 19 കളിയിൽ 39 പോയിന്‍റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തും. മത്സരഫലം എന്തായാലും ആഴ്സണലിന്‍റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ലെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും കോച്ച് അർട്ടേറ്റ പ്രതീക്ഷിക്കുന്നില്ല. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ ആരവം കൂടിയാവുമ്പോൾ ആഴ്സണലിന്‍റെ പോരാട്ടവീര്യം ഇരട്ടിയാവും. 

മധ്യനിരയിലെ നിർണായക സാന്നിധ്യമായ കാസിമിറോ ഇല്ലാതെയാവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. സസ്പെൻഷനിലായ കാസിമിറോയ്ക്ക് പകരം ഫ്രെഡ് ആദ്യ ഇലവനിലെത്തും. മാർക്കസ് റാഷ്ഫോർഡ്, ബ്രൂണോ ഫെർണാണ്ടസ്, ആന്‍റണി എന്നിവരുടെ ഫോമിലാണ് യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷ. പ്രീമിയർ ലീഗിൽ യുണൈറ്റഡിനെതിരായ അവസാന ഏഴ് ഹോം മത്സരത്തിൽ അഞ്ചിലും ആഴ്‌സണലിനായിരുന്നു ജയം. ഇരു ടീമും അവസാനം ഏറ്റുമുട്ടിയത് സെപ്റ്റംബറിൽ യുണൈറ്റഡിന്‍റെ മൈതാനത്താണ്. അന്ന് റാഷ്ഫോർഡിന്‍റെ ഇരട്ട ഗോൾ കരുത്തിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്സണലിനെ വീഴ്ത്തി. 

ഈ തോൽവിക്ക് പകരം വീട്ടാൻകൂടിയാണ് ഗണ്ണേഴ്‌സ് ഇറങ്ങുന്നത്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക്, വൂൾവ്സാണ് എതിരാളികൾ. സിറ്റിയുടെ മൈതാനത്ത് വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആഴ്സണലിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റി അഞ്ച് പോയിന്‍റ് പിന്നിലാണിപ്പോൾ. അവസാന അഞ്ച് കളിയിൽ വൂൾവ്സിനെതിരെ ഏറ്റുമുട്ടിയപ്പോഴും സിറ്റിക്കായിരുന്നു ജയം. പതിനാറ് ഗോൾ നേടിയപ്പോൾ വഴങ്ങിയത് മൂന്ന് ഗോൾ മാത്രം. അവസാന മത്സരത്തിൽ ടോട്ടനത്തെ തകർത്ത ആത്മവിശ്വാസവുമായാണ് പെപ് ഗാർഡിയോളയും സംഘവും ഇറങ്ങുന്നത്. എർലിംഗ് ഹാലൻഡ് ഗോളടി മികവ് തിരിച്ചുപിടിച്ചതും സിറ്റിക്ക് കരുത്താവും.

സ്‌പാനിഷ് ലീഗില്‍ വമ്പന്‍മാരുടെ ദിനം; ബാഴ്‌സയും റയലും കളത്തില്‍

click me!