Asianet News MalayalamAsianet News Malayalam

സ്‌പാനിഷ് ലീഗില്‍ വമ്പന്‍മാരുടെ ദിനം; ബാഴ്‌സയും റയലും കളത്തില്‍

ബാഴ്സലോണയെക്കാൾ മൂന്ന് പോയിന്റ് കുറവുള്ള റയലിന് കിരീടം നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം

La Liga 2022 23 Barcelona vs Getafe Athletic Club vs Real Madrid Preview
Author
First Published Jan 22, 2023, 8:30 AM IST

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ഇന്ന് മത്സരം. ബാഴ്സലോണയ്ക്ക് ഗെറ്റാഫെയും റയലിന് അത്‍ലറ്റിക് ബിൽബാവോയുമാണ് എതിരാളികൾ.

സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിനെ തോൽപിച്ച് കിരീടം നേടിയതിന്‍റെയും കിംഗ്സ് കപ്പിൽ ക്യൂറ്റയ്ക്കെതിരെ ഗോൾവർഷം നടത്തിയതിന്‍റേയും ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ഇറങ്ങുന്നത്. ഗെറ്റാഫെയ്ക്കെതിരായ പോരാട്ടം കാംപ്നൗവിൽ രാത്രി പതിനൊന്നിന് നടക്കും. തോൽവി അറിയാതെ കുതിക്കുന്ന ബാഴ്സലോണ 16 കളിയിൽ 41 പോയിന്‍റുമായാണ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 35 ഗോൾ നേടിയപ്പോൾ വഴങ്ങിയത് ആറ് ഗോൾ മാത്രം. പെഡ്രി, ഗാവി എന്നിവരുടെ മികവിനൊപ്പം ലെവൻഡോവ്സ്കിയുടെ ഷാർപ് ഷൂട്ടിംഗ് കൂടി ചേരുമ്പോൾ ഗെറ്റാഫെയെ മറികടക്കാൻ ബാഴ്സയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടി വരില്ല. 

റയൽ എവേ മത്സരത്തിലാണ് അത്‍ലറ്റിക്കോ ബിൽബാവോയെ നേരിടുക. കളി തുടങ്ങുക രാത്രി ഒന്നരയ്ക്ക്. ബാഴ്സലോണയെക്കാൾ മൂന്ന് പോയിന്റ് കുറവുള്ള റയലിന് കിരീടം നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം. കൂടുതൽ ഗോൾ വഴങ്ങുന്നതും റയലിന് തിരിച്ചടിയാണ്. 36 ഗോൾ നേടിയപ്പോൾ തിരിച്ചുവാങ്ങിയത് പതിനാറ് ഗോൾ. ലൂക്ക മോഡ്രിച്ച് തിരിച്ചെത്തുന്നത് മധ്യനിരയ്ക്ക് കരുത്താവും. പരിക്കിൽ നിന്ന് മുക്തരാവാത്ത ചുവാമെനിയും അലാബയും ഇന്നും റയൽ നിരയിലുണ്ടാവില്ല. ബെൻസേമയും വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും പതിവ് മികവിലേക്കെത്തിയാൽ റയലിന് കാര്യങ്ങൾ എളുപ്പമാവും.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകൻ യുർഗൻ ക്ലോപ്പിന്‍റെ ആയിരാം മത്സരത്തിൽ ലിവ‍ർപൂളിന് സമനിലയായി ഫലം. ചെൽസിയുമായുള്ള പത്തൊൻപതാം റൗണ്ട് പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. നാലാം മിനിറ്റിൽ കായ് ഹാവെർട്സിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും വാർ പരിശോധനയിലൂടെ ഗോൾ നിഷേധിച്ചു. ഇതിന് ശേഷം ഇരു ടീമിനും ഗോളിലേക്ക് എത്താനുള്ള അവസരങ്ങൾ കിട്ടിയെങ്കിലും പ്രയോജനപ്പെടുത്താനായില്ല. ഇതോടെ തുടർച്ചയായ മൂന്നാം കളിയിലും ലിവർപൂളിന് ജയിക്കാനായില്ല. പത്തൊൻപത് കളിയിൽ 29 പോയിന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. ഇരുപത് കളിയിൽ 20 പോയിന്‍റുള്ള ചെൽസി പത്താം സ്ഥാനത്താണ്.

വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ്; കണക്കുവീട്ടാന്‍ എഫ്‌സി ഗോവ

Follow Us:
Download App:
  • android
  • ios