
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ(English Premier League) മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട്(Man City) എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Manchester United). ആദ്യ പകുതിയുടെ തുടക്കത്തിലെ എറിക് ബെയ്‌ലിയുടെ(Eric Bailly) സെല്‍ഫ് ഗോളില്‍ പിന്നിലായിപ്പോയ യുണൈറ്റഡിനെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവില്‍ നിന്ന് ബെര്‍ണാഡോ സില്‍വ(Bernado Silva) സിറ്റിയുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള യുണൈറ്റഡ് ശ്രമങ്ങളെല്ലാം പാഴായിപ്പോയതോടെ സീസണിലെ ആദ്യ ഡാര്‍ബിയില്‍ സിറ്റി വിജയികളായി തിരിച്ചുകയറി. സീസണില്‍ മോശം ഫോമിലാണെങ്കിലും സിറ്റിക്കെതിരെ കഴിഞ്ഞ നാലു മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലിറങ്ങിയ യുണൈറ്റഡിനെ വാരിക്കളയുന്ന പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയശേഷം ആദ്യമായിട്ടാണ് സിറ്റിക്കെതിരെ യുണൈറ്റഡ് ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം അവസാന നിമിഷം രക്ഷകനായി അവതരിച്ച റൊണാള്‍ഡോക്കും സിറ്റിക്കെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല.
ജയത്തോടെ 11 കളികളില്‍ 23 പോയന്‍റുമായി സിറ്റി പോയന്‍റ് പട്ടികയില്‍ ലിവര്‍പൂളിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒരു മത്സരം കുറച്ചുകളിച്ച ചെല്‍സി 25 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെല്‍സിക്ക് ഇന്ന് ബേണ്‍ലിയുമായി മത്സരമുണ്ട്. 10 മത്സരങ്ങളില്‍ 22 പോയന്‍റുള്ള ലിവര്‍പൂളാണ് മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 17 പോയന്‍റ് മാത്രമുള്ള യുണൈറ്റഡ് പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!