അല്‍ സാദ് സമ്മതിച്ചു; സാവി ബാഴ്സ പരിശീലകനാവും

By Web TeamFirst Published Nov 5, 2021, 6:36 PM IST
Highlights

കൂമാനെ പുറത്താക്കിയശേഷം ബാഴ്സയില്‍ പരിശീലകനായി പോകുന്നതിനുള്ള താല്‍പര്യം സാവി അല്‍ സാദ് ക്ലബ്ബ് മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു.  പ്രിയപ്പെട്ട ക്ലബ്ബ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ടത് തന്‍റെ കടമയാണെന്നും സാവി വ്യക്തമാക്കിയരുന്നു.

ദോഹ: മുന്‍ താരം സാവി ഹെര്‍ണാണ്ടസ്(Xavi Hernandez) ബാഴ്സലോണയുടെ(Barcelona) പുതിയ പരിശീലകനാകും. ലാ ലിഗയില്‍(La Liga)  ടീമിന്‍റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാഴ്സ പുറത്താക്കിയ റൊണാള്‍ഡ് കൂമാന്(Ronald Koeman) പകരമാണ് ബാഴ്സയുടെ മുന്‍ മിഡ്ഫീല്‍ഡ് ജനറലായ സാവി ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സാദിന്‍റെ(Al Sadd) പരിശീലകനാണ് സാവി. ബാഴ്സ പരിശീലകനായി പോവാന്‍ അല്‍ സാദ് സമ്മതം അറിയിച്ചതോടെയാണ് സാവി ബാഴ്സയുടെ പരിശീലകനാകുമെന്ന കാര്യം ഉറപ്പായത്.

കരാര്‍ പ്രകാരമുള്ള റിലീസ് തുക നല്‍കിയാണ് സാവി അല്‍ സാദ് വിടുന്നത്. ഭാവിയില്‍ ബാഴ്സയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും അല്‍ സാദിന്‍റെ അവിഭാജ്യഘടകമായ സാവി ഹെര്‍ണാണ്ടസിന് ബാഴ്സയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും അല്‍ സാദ് ട്വീറ്റ് ചെയ്തു. കൂമാനെ പുറത്താക്കിയശേഷം ബാഴ്സയില്‍ പരിശീലകനായി പോകുന്നതിനുള്ള താല്‍പര്യം സാവി അല്‍ സാദ് ക്ലബ്ബ് മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു.  പ്രിയപ്പെട്ട ക്ലബ്ബ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ടത് തന്‍റെ കടമയാണെന്നും സാവി വ്യക്തമാക്കിയരുന്നു.

Turki Al-Ali: The administration has agreed on Xavi’s move to Barcelona after the payment of the release clause stipulated in the contract. We’ve agreed on cooperation with Barcelona in the future. Xavi is an important part of Al-Sadd’s history and we wish him success. pic.twitter.com/3FvCOdYl5X

— 🏆 #76 Al Sadd SC | نادي السد (@AlsaddSC)

കൂമാനെ പരിശീലകനാക്കുന്നതിന് മുമ്പ് സാവിയെ പരിശീലകനാക്കാന്‍ ബാഴ്സ ശ്രമിച്ചിരുന്നെങ്കില്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചിരുന്നു. എട്ട് ലാ  ലിഗ കീരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള സാവി ബാഴ്സയുടെ ഇതിഹാസ താരമാണ്. റൊണാള്‍ഡ് കൂമാന്‍ രാജിവെച്ചശേഷം സഹപരിശീലകനായ സെര്‍ജി ബര്‍ജുവാന്‍ ബാഴ്സയുടെ താല്‍ക്കാലിക പരിശീലകനായിരുന്നു.

സാവി വരുന്നതോടെ ബര്‍ജുവാന്‍ സഹപരിശീലക സ്ഥാനത്തേക്ക് മാറും. സ്പാനിഷ് ലീഗില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 പോയന്‍റ് മാത്രമുള്ള ബാഴ്സ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. സാവി പരിശീലിപ്പിക്കുന്ന അല്‍ സാദ് ഖത്തര്‍ ആഭ്യന്തര ലീഗില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിരുന്നു.

click me!