
കൊച്ചി: എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.
കൊച്ചിയിൽ വിദ്യാർത്ഥികൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം തടഞ്ഞ് ശ്രീനിജൻ ഗ്രൗണ്ട് പൂട്ടിയിട്ടത് വിവാദമായിരുന്നു. ഇതിൽ വിമർശനം നേരിടുമ്പോഴാണ് ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെ ശ്രീനിജൻ വീണ്ടും അദ്ധ്യക്ഷനാകുന്നത്. പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തിയപ്പോൾ അകത്ത് കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. തനിക്കിതിൽ പങ്കില്ലെന്നാണ് ശ്രീനിജൻ ക്ലബുകളോട് വിശദീകരിച്ചത്. വിവാദം നിലനിൽക്കെ സിപിഎമ്മും ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദത്തിൽ ശ്രീനിജൻ തുടരേണ്ടതില്ലെന്ന നിലപാടിലാണ് എത്തിയത്. എംഎൽഎ എന്ന നിലയിൽ ഇരട്ട പദവി ചൂണ്ടിക്കാട്ടിയാണ് സിപിഎം ശ്രീനിജൻ ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് നിലപാടെടുത്തത്.
എന്നാൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് കുന്നത്തുനാട് എംഎൽഎയായ പിവി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ല സ്പോർട്സ് കൗൺസിലിലേക്ക് ഫുട്ബോൾ അസോസിയേഷന്‍റെ നോമിനിയായി സ്പോർട്സ് കമന്‍റേറ്ററായ ഷൈജു ദാമോദരനും തെരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷൻ സെക്രട്ടറി. ദിനേശ് കമ്മത്ത് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ടു. 56 ക്ലബുകൾക്കാണ് എറണാകുളം ജില്ലയിൽ വോട്ടിംഗ് അവകാശമുള്ളത്. ഓഗസ്റ്റിലാണ് സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!