വാഴച്ചാൽ മലക്കപ്പാറയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിച്ചതിന്റെ സന്തോഷം ഹൃദയസ്പർശിയായ കുറിപ്പിലൂടെ പങ്കുവച്ച് അഡ്വ. പിവി ശ്രീനിജൻ എംഎൽഎ. 

തൃശ്ശൂർ: വാഴച്ചാൽ മലക്കപ്പാറയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിച്ചതിന്റെ സന്തോഷം ഹൃദയസ്പർശിയായ കുറിപ്പിലൂടെ പങ്കുവച്ച് അഡ്വ. പിവി ശ്രീനിജൻ എംഎൽഎ. മലക്കപ്പാറയിലെ മലമുകളിലുള്ള കൂരിരുട്ട് നിറഞ്ഞ വെളിച്ചമെത്തിയപ്പോൾ അവരുടേതായ നൃത്തവും പാട്ടുമൊക്കെയായി സ്വീകരിച്ചതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. സർക്കാറിന്റെ വൈദ്യൂതീകരണ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനത്തെ കുറിച്ചായിരുന്നു കുറിപ്പ്.

കുറിപ്പിങ്ങനെ...

ആരും എത്താത്തിടത്തേയ്ക്ക് വെളിച്ചവുമായെത്തിയ ഒരു സർക്കാർ... കുടുംബവുമൊത്ത് അതിരപ്പിള്ളി സന്ദർശിക്കുന്ന സമയത്താണ് ബഹുമാനപ്പെട്ട മന്ത്രി രാധാകൃഷ്ണൻ സഖാവിന്റെ കോൾ വരുന്നത്.. മെയ്‌ 9 ന് തൃശൂർ മലയ്ക്കപ്പാറയ്ക്ക് അടുത്ത് കൊടും വനത്തിൽ താമസിക്കുന്ന 13 കുടുംബങ്ങൾക്ക് സർക്കാർ വൈദ്യുതി എത്തിച്ചതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തുമോ എന്ന് ചോദിച്ച്.. 

പിന്നീട് സനീഷ് കുമാർ എം എൽ എയുമായി ബന്ധപ്പെടുകയും മെയ്‌ ഒമ്പതിന് രാവിലെ നാലരയ്ക്ക് തന്നെ വീട്ടിൽ നിന്ന് പുറപ്പെടുകയും ചെയ്തു.. പൊതുവെ യാത്രകളെ വലിയ ഇഷ്ടമാണ്.. അതുകൊണ്ട് തന്നെ ഒരു വന യാത്ര ഏറെ താല്പര്യവുമായിരുന്നു.. ആറ് മണിക്ക് വാഴച്ചാൽ എത്തി.. പ്രിയപ്പെട്ട മന്ത്രിയും അവിടെ ഉണ്ടായിരുന്നു.. അൽപ സമയത്തിന് ശേഷം സനീഷ് കുമാർ എംഎൽ-യും സ്ഥലത്തെത്തി.. 

ഞങ്ങൾ മന്ത്രിയുടെ വാഹനത്തിൽ മലക്കപ്പാറയിലേക്ക് തിരിച്ചു.. ഒപ്പം പോലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.. ഏകദേശം 20 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്ര.. തമിഴ്നാട് വനാതിർത്തിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ കേരള ചെക്ക് പോസ്റ്റിൽ എത്തി.. അവിടന്ന് നാല് കിലോമീറ്റർ കാൽനട യാത്ര ചെയ്താലാണ് വെട്ടിവിട്ടകാട് മുതുവാൻ കോളനിയിലേക്ക് എത്താൻ കഴിയുക.. 

കയറ്റവും ഇറക്കവുമായി മൺപാതയിലൂടെ അട്ടകളുടെ കടിയൊക്കെ ഏറ്റു വാങ്ങി ഞങ്ങൾ ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് കോളനിയിലെത്തി.. 13 കുടുംബങ്ങളിലായി 38 പേർ താമസിക്കുന്ന കോളനിയിലെ ജനങ്ങൾക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസമായിരുന്നു അതെന്ന് പറയാം.. 

Read more: കേരളത്തിൽ കാലവർഷം ഇത്തിരി വൈകിയേക്കും; കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ഇങ്ങനെ...

കൊടും കാട്ടിലെ കൂരിരുട്ടിലേക്ക് സർക്കാർ വെളിച്ചമെത്തിച്ചതിന്റെ സന്തോഷം.. അവർ അവരുടേതായ നൃത്തവും പാട്ടുമൊക്കെയായി ഞങ്ങളെ സ്വീകരിച്ചു.. അവർ തന്ന സ്വാദിഷ്ടമായ കപ്പയും തക്കാളി ചമ്മന്തിയുമൊക്കെ കഴിച്ച് തിരികെ ഞങ്ങൾ മല കയറുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും ആയിരുന്നു..