ദോഹ: 2026 ഫിഫ ലോകകപ്പിനായുള്ള ഏഷ്യൻ വൻകരയിലെ നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് ഖത്തറും സൗദിയും വേദിയാകും. ഒക്ടോബർ 8 മുതൽ 14 വരെയാണ് മത്സരങ്ങൾ. ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനായി ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്.
ഈ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. ജൂലൈ 17ന് ഗ്രൂപ്പ് നിർണയം നടക്കും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് അടുത്ത വർഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ട് ടീമുകൾ പ്ലേ ഓഫിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾക്ക് ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് മത്സരത്തിലൂടെ ലോകകപ്പ് പ്രവേശനത്തിനായി അവസാന ശ്രമം നടത്താം. ഏഷ്യയില്‍ നിന്ന് ഇറാന്‍, ഉസ്ബെക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, ജോര്‍ദാന്‍, ഓസ്ട്രേലിയ, ജപ്പാന്‍ ടീമുകളാണ് ഇതുവരെ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.
ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിന് ആതിഥേയരായ അമേരിക്ക, കാനഡ, മെക്സിക്കൊ എന്നിവർക്കൊപ്പം 10 ടീമുകൾ ആണ് ഇതുവരെ യോഗ്യത നേടിയത്. ഏഷ്യൻ ടീമുകള്‍ക്ക് പുറമെ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്‍റീന, മുന്‍ ചാമ്പ്യൻമാരായ ബ്രസീല്‍ ന്യൂസിലൻഡ്, ഇക്വഡോര്‍ എന്നിവരും ഇതിനോടകം യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഏഷ്യയില്‍ നിന്ന് യോഗ്യത നേടിയ ജോർദാനും ഉസ്ബിക്കിസ്ഥാനും ലോകകപ്പിലെ നവാഗതരാണ്. ഏഷ്യയിൽ നിന്ന് എട്ടും ആഫ്രിക്കയിൽ നിന്ന് ഒൻപതും തെക്കേ അമേരിക്കയിൽ നിന്ന് ആറും കോൺകകാഫ് മേഖലയിൽ നിന്ന് മൂന്ന് ആതിഥേയർ ഉൾപ്പടെ ആറും ഓഷ്യാനിയ മേഖലയിൽ നിന്ന് ഒന്നും യൂറോപ്പിൽ നിന്ന് പതിനാറും ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. രണ്ടു ടീമുകൾ പ്ലേ ഓഫിലൂടെയും ലോകകപ്പിനെത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക