
പാരീസ്: യൂറോപ്യൻ ക്ലബ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ(UEFA Champions League) പതിനാലാം തവണയാണ് റയൽ മാഡ്രിഡ്(Real Madrid) ജേതാക്കളാകുന്നത്. എട്ട് വര്‍ഷത്തിനിടെ അഞ്ചാമത് കിരീടവും. മറ്റൊരു ടീമും ഏഴില്‍ കൂടുതൽ തവണ യുസിഎല്‍ കിരീടം നേടിയിട്ടില്ല. ഏഴാം കിരീടമെന്ന ലക്ഷ്യമിട്ടെത്തിയ ലിവര്‍പൂളിന്(Liverpool FC) കാലിടറി. 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് പകരംവീട്ടാനും പറ്റിയില്ല. അന്ന് 3-1നായിരുന്നു ചെമ്പടയുടെ തോൽവി. ഇത് മൂന്നാം തവണയാണ് റയലും ലിവര്‍പൂളും കലാശക്കളിയിൽ നേര്‍ക്കുനേര്‍ വന്നത്. 1981ൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ലിവര്‍പൂളിനായിരുന്നു ജയം.
കോർട്വായുടെ കിരീടം
ലിവര്‍പൂളിനെ ഒറ്റ ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം ഉയര്‍ത്തുകയായിരുന്നു. പാരീസിന്‍റെ മുറ്റത്ത് അമ്പത്തിയൊമ്പതാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് വിജയഗോൾ നേടിയത്. റയലിന്‍റെ പതിനാലാം യൂറോപ്യൻ കിരീടമാണിത്. ഇടതടവില്ലാതെ ഇരച്ചെത്തിയ ചെമ്പടയുടെ മുന്നേറ്റനിരയെ കോട്ട കെട്ടി തടഞ്ഞ കോർട്വായും കിട്ടിയ അവസരം മുതലാക്കിയ വിനീഷ്യസും റയലിനെ ഒരിക്കൽ കൂടി യൂറോപ്പിന്‍റെ ജേതാക്കളാക്കുകയായിരുന്നു.
മുഹമ്മദ് സലായും സാദിയോ മാനേയും ലൂയിസ് ഡയസുമുൾപ്പെട്ട ലിവര്‍പൂളിന്‍റെ വിഖ്യാത മുന്നേറ്റനിര 24 തവണയാണ് റയൽ ഗോൾവലയ്ക്ക് നേരെ നിറയൊഴിച്ചത്. ഒന്നുപോലും ലക്ഷ്യം കണ്ടില്ല. എന്നാൽ രണ്ടാംപകുതിയില്‍ വീണുകിട്ടിയ അവസരം റയൽ മുതലെടുത്തു. വാൽവര്‍ദെയുടെ ക്രോസ് സുന്ദരമായി വിനീഷ്യസ് ഗോൾ വലയിലേക്ക് തിരിച്ചുവിട്ടു. ജോട്ടയും ഫിര്‍മീനോയും കൂടി എത്തി ആക്രമണം കടുപ്പിച്ചെങ്കിലും കോർട്വായെ കീഴടക്കാൻ ലിവര്‍പൂളിനായില്ല. ഇതോടെ പ്രീമിയര്‍ ലീഗിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലും ചെമ്പടക്ക് മോഹഭംഗം. റയലിനാകട്ടെ ലാ ലീഗയ്ക്ക് പുറമെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്‍റെ ഇരട്ടിമധുരം നുണയാനായി.
Real Madrid Champions : അതിമാനുഷികനായി കോർട്വാ; ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്