റയല്‍ മാഡ്രിഡിന്റെ ചൂടറിഞ്ഞ് അല്‍ ഹിലാല്‍; അഞ്ചാം തവണയും ക്ലബ് ലോകകപ്പ് മാഡ്രിഡിലേക്ക്

Published : Feb 12, 2023, 09:18 AM IST
റയല്‍ മാഡ്രിഡിന്റെ ചൂടറിഞ്ഞ് അല്‍ ഹിലാല്‍; അഞ്ചാം തവണയും ക്ലബ് ലോകകപ്പ് മാഡ്രിഡിലേക്ക്

Synopsis

വിനീഷ്യസ് ജൂനിയറും ഫെഡെറിക്കോ വെല്‍വെര്‍ദെയും രണ്ട് ഗോളുകള്‍ വീതം നേടി. കരീം ബെന്‍സെമയാണ് മറ്റൊരു ഗോള്‍ നേടിയത്.

റബാദ്: റയല്‍ മാഡ്രിഡ്, ക്ലബ്ബ് ലോകകപ്പ് ചാംപ്യന്മാര്‍. ഫൈനലില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ തകര്‍ത്താണ് അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടനേട്ടം. മൂന്നിനെതിരെ അഞ്ച് ഗോളിനാണ് ജയം. വിനീഷ്യസ് ജൂനിയറും ഫെഡെറിക്കോ വെല്‍വെര്‍ദെയും രണ്ട് ഗോളുകള്‍ വീതം നേടി. കരീം ബെന്‍സെമയാണ് മറ്റൊരു ഗോള്‍ നേടിയത്. ഒന്‍പത് വര്‍ഷത്തിനിടെ റയലിന്റെ നൂറാം കിരീടമാണ് ഇത്. അല്‍ഹിലാലിന് വേണ്ടി ലൂസിയാനോ വിയറ്റോ രണ്ട് ഗോള്‍ നേടി.

പിഎസ്ജിക്ക് വീണ്ടും തോല്‍വി

ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗ് വണ്ണില്‍ മൊണാക്കോയാണ് പിഎസ്ജിയെ വീഴ്ത്തിയത്. പരിക്കേറ്റ ലിയോണല്‍ മെസിയും കിലിയന്‍ എംബാപ്പേയും ഇല്ലാതെ ഇറങ്ങിയ പിഎസ്ജിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു മൊണാക്കോയുടെ വിജയം. വിസാം ബെന്‍ യെഡ്ഡര്‍ രണ്ടുഗോള്‍ നേടി. അലക്‌സാണ്ടര്‍ ഗോളോവിനാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. വാറെന്‍ എമെറി പിഎസ്ജിയുടെ ആശ്വാസഗോള്‍ നേടി. 

ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെ ലീഗ് വണ്ണിലും തോല്‍വി നേരിട്ടത് പിഎസ്ജിക്ക് കനത്ത ആഘാതമായി. സീസണില്‍ പിഎസ്ജിയുടെ മൂന്നാം തോല്‍വിയാണിത്. 23 കളിയില്‍ 54 പോയിന്റുമായി പിഎസ്ജി ഒന്നാംസ്ഥാനത്ത് തുടരുന്നു. 47 പോയിന്റുമായി, മാഴ്‌സയെ മറികടന്ന് മൊണാക്കോ രണ്ടാം സ്ഥാനത്തെത്തി. ചാംപ്യന്‍സ് ലീഗില്‍ ബുധനാഴ്ച ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

ആഴ്‌സണലിന് സമനില

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും ജയമില്ലാതെ ആഴ്‌സണല്‍. ബ്രെന്റ്‌ഫോര്‍ഡാണ് ലീഗിലെ ഒന്നാംസ്ഥാനക്കാരെ സമനിലയില്‍ തളച്ചത്. ലെസ്റ്റര്‍ സിറ്റി, ടോട്ടനത്തെ വീഴ്ത്തിയപ്പോള്‍ ചെല്‍സി വീണ്ടും സമനില വഴങ്ങി. വിജയ വഴിയില്‍ തിരിച്ചെത്താനിറങ്ങിയ ആഴ്‌സണലിനെ ബ്രെന്റ്‌ഫോര്‍ഡ് പിടിച്ചുകെട്ടിയത് ഇവാന്‍ ടോണിയുടെ ഗോളിലൂടെ. സ്വന്തംകാണികള്‍ക്ക് മുന്നില്‍ ലിയാന്‍ഡ്രോ തൊസാര്‍ഡിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ആഴ്‌സണല്‍ സമനില വഴങ്ങിയത്.

സമനിലയില്‍ കുടുങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള വ്യത്യാസം എട്ടുപോയിന്റായി ഉയര്‍ത്താനുള്ള ആഴ്‌സണലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു. 21 കളിയില്‍ 51 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ചെല്‍സിയും ആദ്യംഗോള്‍ നേടിയ ശേഷമാണ് തുടര്‍ച്ചയായ മൂന്നാംകളിയിലും സമനില വഴങ്ങിയത്. യാവോ ഫെലിക്‌സാണ് ചെല്‍സിയുടെ സ്‌കോറര്‍. ചെല്‍സിയുടെ മുന്‍താരമായ ഏമേഴ്‌സണിലൂടെ ആയിരുന്നു വെസ്റ്റ് ഹാമിന്റെ മറുപടി. 

ടോട്ടനം ലെസ്റ്റര്‍ സിറ്റിയോട് നേരിട്ടത് സീസണിലെ എട്ടാം തോല്‍വി. റോഡ്രിഗോ ബെന്റാന്‍കൂറിലൂടെ ടോട്ടനമാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മെന്‍ഡിയും ജെയിംസ് മാഡിസണും കെലേച്ചി ഇഹിയനാചോയും ഹാര്‍വി ബാര്‍ണെസും ടോട്ടനത്തിന്റെ കഥകഴിച്ചു. 39 പോയിന്റുള്ള ടോട്ടനം അഞ്ചും 31 പോയിന്റുള്ള ചെല്‍സി ഒന്‍പതും സ്ഥാനത്ത്.

ബെംഗളൂരുവില്‍ നിരാശ; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ