നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ 32-ാം മിനുറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയായിരുന്നു സ്വന്തം തട്ടകത്തില്‍ ബെംഗളൂരു എഫ്‌സി

ബെംഗളൂരു: ഐഎസ്എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് 0-1ന് തോല്‍വി വഴങ്ങി. ആദ്യപകുതിയില്‍ റോയ് കൃഷ്‌ണ നേടിയ ഗോളിലാണ് ബിഎഫ്‌സിയുടെ വിജയം. സീസണില്‍ ബെംഗളൂരുവിന്‍റെ തുടര്‍ച്ചയായ ആറാം ജയമാണിത്. തോറ്റെങ്കിലും 18 കളിയില്‍ 31 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാമതാണ്. 28 പോയിന്‍റുമായി ബെംഗളൂരു എഫ്‌സി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ന് ജയിച്ചിരുന്നേല്‍ മഞ്ഞപ്പടയ്ക്ക് പ്ലേഓഫിലെത്താമായിരുന്നു. കരുത്തരായ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കെതിരേയുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍.

നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ 32-ാം മിനുറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയായിരുന്നു സ്വന്തം തട്ടകത്തില്‍ ബെംഗളൂരു എഫ്‌സി. ഹാവി ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്‌ണ സ്കോര്‍ ചെയ്‌തതോടെ ആദ്യപകുതി ബെംഗളൂരുവിന്‍റെ മുന്‍തൂക്കത്തോടെ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്‍റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്‌ണയുടെ വിജയ ഗോള്‍. മറുവശത്ത് സഹല്‍ അബ്‌ദുല്‍ സമദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇരുപകുതിയിലും വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 73-ാം മിനുറ്റില്‍ കെ പി രാഹുലിനെയും 82-ാം മിനുറ്റില്‍ സഹല്‍ അബ്‌ദുല്‍ സമദിനേയും പിന്‍വലിച്ച് പകരക്കാരന്‍ വന്നിട്ടും പ്രയോജനമുണ്ടായില്ല. 

ലീഗ് ഷീല്‍ഡ് മുംബൈ സിറ്റിക്ക്

ഐഎസ്എല്ലില്‍ അപരാജിത കുതിപ്പ് തുടരുന്ന മുംബൈ സിറ്റി എഫ്‌സി ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. എഫ്‌സി ഗോവയെ എവേ ഗ്രൗണ്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളിന് മലര്‍ത്തിയടിച്ചാണ് മുംബൈ സിറ്റി ഷീല്‍ഡ് ഉയര്‍ത്തിയത്. 18 മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 46 പോയിന്‍റുമായാണ് മുംബൈയുടെ തേരോട്ടം. സീസണിലെ പതിനെട്ട് കളിയില്‍ 14 ജയവും നാല് സമനിലയുമാണ് മുംബൈ സിറ്റിക്കുള്ളത്. രണ്ടാമതുള്ള ഹൈദരാബാദ് എഫ്‌സിക്ക് 17 മത്സരങ്ങളില്‍ 36 പോയിന്‍റേയുള്ളൂ. 

റോയ് കൃഷ്‌ണയുടെ പ്രഹരം; ബെംഗളൂരുവില്‍ ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ്