
മാഡ്രിഡ്: റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പ്രതിഫലത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. പി എസ് ജിയില്‍ നിന്ന് ഈ സീസണിലാണ് എംബാപ്പെ റയല്‍ മാഡ്രിഡിലെത്തിയത്. ജൂണില്‍ ഫ്രീ ഏജന്‍റായി പി എസ് ജിയില്‍ നിന്ന് അഞ്ച് വര്‍ഷ കരാറിലാണ് എംബാപ്പെ റയലിലെത്തിയത്.
റയലില്‍ മുന്‍ ഫ്രഞ്ച് താരം കരീം ബെന്‍സേമ ധരിച്ചിരുന്ന ഒമ്പതാം നമ്പര്‍ ജേഴ്സിയാണ് എംബാപ്പെ അണിയുക. കരാര്‍ അനുസരിച്ച് ആദ്യ വര്‍ഷം എംബാപ്പെക്ക് 285 കോടി രൂപയാണ് പ്രതിഫലമായി നല്‍കുക. അതായത് ഒരു മാസം 23.7 കോടി രൂപയും ഒരു ദിവസം 79 ലക്ഷവും ഓരോ മിനിറ്റിനും 5486 രൂപയും എംബാപ്പെക്ക് പ്രതിഫലമായി ലഭിക്കുമെന്ന് ചുരുക്കം.
കരിയറില്‍ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത 25കാരനായ എംബാപ്പെക്ക് റയലിനൊപ്പം കിരീടം നേടാനുള്ള സുവര്‍ണാവസരമാണിത്തവണ. ഇതിഹാസ താരം ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, നാച്ചോ ഫെര്‍ണാണ്ടസ് എന്നിവര്‍ സീസണൊടുവില്‍ ബൂട്ടഴിക്കമെന്നാണ് കരുതുന്നത്. ഇതോടെ എംബാപ്പെയാകും റയലിന്‍റെ കേന്ദ്ര ബിന്ദുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എംബാപ്പെ കൂടുതല്‍ തിളങ്ങുന്ന ഇടതു വിംഗിൽ നിലവില്‍ വിനീഷ്യസ് ജൂനിയറാണ് റയലിന്‍റെ ഇടതു വിംഗിനെ ഭരിക്കുന്നത്. വലതു വിംഗില്‍ റോഡ്രിഗോയും മികവ് കാട്ടുന്നു.
ജൂണില്‍ നടന്ന യൂറോ കപ്പില്‍ മോശം ഫോമിലായിരുന്ന എംബാപ്പക്ക് പെനല്‍റ്റിയില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് നേടാനായത്. മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ എംബാപ്പെ മുഖാവരണം അണിഞ്ഞാണ് മത്സരങ്ങള്‍ക്കിറങ്ങിയത്. ഇത് തന്‍റെ പ്രകടനത്തെ ബാധിച്ചതായി എംബാപ്പെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!