യുവേഫ ചാംപ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങുന്നു

By Web TeamFirst Published Mar 16, 2021, 12:37 PM IST
Highlights

അറ്റലാന്റയുടെ മൈതാനത്ത് നേടിയ ഒറ്റഗോള്‍ ലീഡുമായാണ് റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഫെര്‍ലാന്‍ഡ് മെന്‍ഡിയുടെ ഗോളാണ് റയലിന് ആദ്യപാദത്തില്‍ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് അറ്റലാന്റയെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ ക്ലബ്ബായ ബൊറൂസ്യ മോഞ്ചന്‍ഗ്ലാഡ്ബാഷിനെയും നേരിടും. അറ്റലാന്റയുടെ മൈതാനത്ത് നേടിയ ഒറ്റഗോള്‍ ലീഡുമായാണ് റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. കളി തീരാന്‍ നാലുമിനിറ്റുള്ളപ്പോള്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയുടെ ഗോളാണ് റയലിന് ആദ്യപാദത്തില്‍ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 

രണ്ടാംപാദത്തിന് ഇറങ്ങുന്‌പോള്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രമുഖതാരങ്ങളെല്ലാം പരുക്കുമാറിയെത്തിയ ആശ്വാസത്തിലാണ് റയല്‍. കരീം ബെന്‍സേമയ്‌ക്കൊപ്പം നായകന്‍ സെര്‍ജിയോ റാമോസ്, മാര്‍സലോ, എഡന്‍ ഹസാര്‍ഡ് എന്നിവര്‍ റയല്‍ നിരയില്‍ തിരിച്ചെത്തും. ഇതോടെ പുതിയതന്ത്രങ്ങള്‍ മെനയാനും പരീക്ഷണങ്ങള്‍ നടത്താനും കോച്ച് സിനദിന്‍ സിദാന് കഴിയും. പക്ഷേ, രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായ കാസിമിറോയുടെ അഭാവം റയലിന് തിരിച്ചടിയാവും. 

മുന്‍നിരതാരങ്ങളുടെ അഭാവത്തില്‍ 4.3.3 ശൈലിയില്‍ കളിച്ചിരുന്ന റയല്‍ അറ്റലാന്റയ്‌ക്കെതിരെ 3.5.2 ഫോര്‍മേഷനിലേക്ക് മാറിയേക്കും.ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട റെമോ ഫ്രൂളിയര്‍ ഒഴികെ അറ്റലാന്റയുടെ എല്ലാതാരങ്ങളും റയലിനെ നേരിടാന്‍ തയ്യാര്‍. 

ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടുഗോള്‍ ലീഡുമായി ഹോം ഗ്രൗണ്ടിലാണ് ബൊറൂസ്യ മോഞ്ചന്‍ ഗ്ലാഡ്ബാക്കിനെ നേരിടുന്നത്. ആദ്യപാദത്തില്‍ ബെര്‍ണാര്‍ഡോ സില്‍വയുടെയും ഗബ്രിയേല്‍ ജീസസിന്റെയും ഗോളുകള്‍ക്കാണ് സിറ്റി മുന്നിലെത്തിയത്. അവസാന 24 കളിയില്‍ 23ലും ജയിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന സിറ്റിക്ക് ബൊറൂസ്യക്കെതിരെയും വ്യക്തമായ ആധിപത്യം. 

യൂറോപ്യന്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടിയത് അഞ്ചുതവണ. സിറ്റി നാലിലും ജയിച്ചപ്പോള്‍ ഒരുമത്സരം സമനിലയില്‍. പ്രീമിയര്‍ ലീഗ് മത്സങ്ങളില്‍ വിശ്രമം നല്‍കിയിരുന്ന റഹീം സ്റ്റെര്‍ലിംഗ്, കെവിന്‍ ഡിബ്രൂയിന്‍, റിയാദ് മെഹറസ്, ഗുണ്‍ഡോഗന്‍ എന്നിവര്‍ സിറ്റി നിരയില്‍ തിരിച്ചെത്തും. രണ്ട് കളിയും തുടങ്ങുക ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക്.

click me!