
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ (Champions League) ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡ്, ചെല്‍സിയേയും ബയേണ്‍ മ്യൂണിക്ക്, വിയ്യാ റയലിനെയും നേരിടും. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിക്കെതിരെ ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇറങ്ങുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുണ്ട് റയല്‍ മാഡ്രിഡിന്. ആദ്യപാദ ക്വാര്‍ട്ടറില്‍ ചെല്‍സിയുടെ മൈതാനത്ത് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം.
കരീം ബെന്‍സേമയുടെ ഹാട്രിക്കാണ് റയലിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഇന്നും ബെന്‍സേമ തന്നെയായിരിക്കും ചെല്‍സിയുടെ പ്രധാന വെല്ലുവിളി. വിംഗുകളില്‍ വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും മധ്യനിരയില്‍ കാസിമിറോയും ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും കൂടിയെത്തുമ്പോള്‍ ചെല്‍സിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സ്വന്തം കാണികള്‍ക്ക് മുന്നിലാണ് കളിയെന്നുള്ളതും റയല്‍ താരങ്ങളുടെ ആവേശം ഇരട്ടിയാക്കും.
പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ സതാംപ്ടണെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്ത ചെല്‍സി റൊമേലു ലുക്കാക്കു, കല്ലം ഹഡ്‌സണ്‍ ഒഡോയ് എന്നിവരില്ലാതെയാണ് മാഡ്രിഡില്‍ എത്തിയിരിക്കുന്നത്. സെസാര്‍ അസ്പലിക്യൂട്ട പരിക്കില്‍ നിന്ന് മുക്തനായത് ആശ്വാസം. ഹക്കിം സിയെച്ച്, മേസണ്‍ മൌണ്ട്, കായ് ഹാവെര്‍ട്‌സ് എന്നിവര്‍ റയല്‍ പ്രതിരോധം പിളര്‍ന്നില്ലെങ്കില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ മടങ്ങേണ്ടിവരും.
ആദ്യപാദത്തില്‍ നേടിയ ഒറ്റഗോള്‍ ലീഡുമായാണ് വിയ്യാ റയല്‍, ബയേണിന്റെ മൈതാനത്ത് ഇറങ്ങുക. അലയന്‍സ് അറീനയില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും സംഘത്തേയും വിയ്യാറയലിന് എത്രനേരം തടഞ്ഞുനിര്‍ത്താനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അര്‍ധാവസരങ്ങള്‍പോലും ഗോളാക്കി മാറ്റുന്ന ലെവന്‍ഡോവ്‌സ്‌കിക്കൊപ്പമുള്ള തോമസ് മുള്ളറും ലിറോയ് സാനെയും കിഗ്‌സിലി കോമാനുമെല്ലാം അപകടകാരികള്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് മത്സരവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!