മിയാമി: ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന നോക്കൗട്ട് പോരാട്ടത്തിൽ നാളെ പുലർച്ചെ കളത്തിലിറങ്ങുന്നു. ഫുട്ബോൾ ലോകത്തെ പുതിയ 'അത്ഭുത ദ്വീപ്' എന്ന് വിശേഷിപ്പിക്കാവുന്ന കാബോ വെർദെയാണ് ലിയോണൽ മെസിയുടെയും സംഘത്തിന്‍റെയും എതിരാളികൾ. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നാളെ (ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം 3.30-നാണ് ഈ അര്‍ജന്‍റീന-കാബോ വെര്‍ദെ പോരാട്ടം.
ലോകകപ്പ് വേദിയിലെ അരങ്ങേറ്റക്കാരായി എത്തി, ഫുട്ബോൾ ലോകത്തെ വമ്പന്മാരെയെല്ലാം നിഷ്പ്രഭരാക്കിയ ചരിത്രവുമായാണ് കാബോ വെർദെ നോക്കൗട്ട് ഘട്ടത്തിലേക്ക് മാർച്ച് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോകകപ്പ് ജേതാക്കളായ യുറഗ്വായെ ടൂർണമെന്‍റിൽ നിന്ന് പുറത്താക്കാനും, കരുത്തരായ സ്പെയിനിനെ ഗോളടിപ്പിക്കാതെ സമനിലയിൽ (0-0) തളയ്ക്കാനും ഈ ആഫ്രിക്കൻ രാജ്യത്തിന് കഴിഞ്ഞു. ഗ്രൂപ്പ് എച്ചിൽ നിന്നും തോൽവി അറിയാതെയാണ് അവർ വരുന്നത്.
വിശ്വവേദിയിലേക്കുള്ള തങ്ങളുടെ ഈ ഒന്നൊന്നര വരവ് വെറുതെയല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. അർജന്‍റീന പോലുള്ള ഒരു ലോകോന്തര ടീമിനെതിരെ പന്തുതട്ടുക എന്ന ആഗ്രഹത്തിൽ നിന്ന് അവരെ തോൽപ്പിച്ച് മുന്നേറുക എന്ന വലിയ സ്വപ്നത്തിലേക്ക് തങ്ങളുടെ മനസ്സിനെ പരുവപ്പെടുത്തിക്കഴിഞ്ഞു കാബോ വെർദെയുടെ താരങ്ങൾ.
ലിയോണൽ മെസിയുടെ ക്രിയേറ്റീവ് പാസുകളും ഗോളടിക്കാനുള്ള അസാധാരണമായ മികവുമാണ് അൽബിസെലസ്റ്റുകളുടെ പ്രധാന കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളുമായി മെസി ടൂർണമെന്‍റിലെ ടോപ്പ് സ്കോറർ സ്ഥാനത്ത് ഫോമിന്‍റെ കൊടുമുടിയിലാണ്. മെസിയുടെ ആ മാന്ത്രിക ഇടങ്കാലിനെ തടഞ്ഞുനിർത്താൻ കാബോ വെർദെയുടെ വിശ്വസ്തനായ 40-കാരൻ ഗോൾകീപ്പർ വൊസീഞ്ഞയുടെ ഇരുകൈകൾക്ക് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാബോ വെർദെ മികച്ച ടീമാണെന്ന് അർജന്‍റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മെസിയുടെ വഴിമുറിക്കാൻ പ്രതിരോധക്കളിയിലൂന്നിയുള്ള 4-5-1 തന്ത്രങ്ങൾ തന്നെയാകും കാബോ വെർദെ പരിശീലകൻ ബുബിസ്റ്റ പുറത്തെടുക്കുക.
ഗ്രൂപ്പ് ജെയിൽ മൂന്ന് മത്സരങ്ങളും ജയിച്ച് തകർപ്പൻ ഫോമിലാണ് അർജന്‍റീന വരുന്നത്. അവരെ സംബന്ധിച്ച് ഇത് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലെ ഒരു അധ്യായം മാത്രമാണ്. തങ്ങളുടെ പരിചയസമ്പത്ത് കൊണ്ട് ചിലപ്പോൾ അവർ വളരെ എളുപ്പത്തിൽ വെർദെയുടെ പ്രതിരോധക്കോട്ട തകർത്തേക്കാം. എന്നാൽ ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമായ കാബോ വെർദെയെ സംബന്ധിച്ച് ഇത് ചരിത്രം സൃഷ്ടിക്കാനുള്ള 90 മിനിറ്റുകളാണ്. അവർക്ക് ഇവിടെ നഷ്ടപ്പെടാൻ ഒന്നുമില്ല, നേടുന്നതെന്തും പുതുചരിത്രമാണ്. വരും തലമുറകൾക്ക് ഓർത്തു വെയ്ക്കാനൊരു അട്ടിമറി വിജയം സ്വപ്നം കണ്ട് അവരിറങ്ങുമ്പോൾ മിയാമിയിൽ നാളെ ആവേശത്തിരയിളകുമെന്നുറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!