
കൊല്‍ക്കത്ത: ഖത്തര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ ജേതാവും അര്‍ജന്റൈന്‍ ഗോള്‍ കീപ്പറുമായി എമിലിയാനോ മാര്‍ട്ടിനെസ് ജൂണില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ബ്രസീലിന്റെ ഇതിഹാസതാരം കഫുവിനെ കൊല്‍ക്കത്തയിലെത്തിച്ച ഫുട്‌ബോള്‍ നിരീക്ഷകന്‍ ഷട്ദ്രു ദത്തയാണ് മാര്‍ട്ടിനെസിനേയും കൊല്‍ക്കത്തയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ഇപ്പോള്‍ ബാഴ്‌സലോണയിലാണ് ഷട്ദ്രു ഉള്ളത്.
നേരത്തെ, അര്‍ജന്റീനയുടെ ലോകകപ്പ് ടീം ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ബംഗ്ലാദേശിലെ ഫുട്‌ബോള്‍ പ്രേമികള്‍ അര്‍ജന്റീനയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ടീം ബംഗ്ലാദേശിലെത്തുക. കൂടെ ഒരു സൗഹൃദ മത്സരവും കളിക്കും. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക തീരുമാനം ആയിട്ടില്ല. ജൂണിലാണ് ക്ലബ് സീസണ്‍ കഴിയുക. അതുകൊണ്ടുതന്നെയാണ് ജൂണ്‍ സമയം തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പറാണ് കൂടിയാണ് മാര്‍ട്ടിനെസ്. പ്രീമിയര്‍ ലീഗ് കഴിഞ്ഞാല്‍ താരത്തിന് മറ്റുമത്സരങ്ങളൊന്നുമില്ല. യുവേഫ യൂറോപ്പ ലീഗിലും ചാംപ്യന്‍സ് ലീഗിലും ക്ലബിന് കളിക്കേണ്ടത്തതിനാല്‍ ഈ സമയത്ത് മാര്‍ട്ടിനെസിനെ വിട്ടുകിട്ടുമെന്നാണ് സൂചന.
ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകോത്തര ഗോള്‍ കീപ്പറെ അടുത്തുകാണാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കാണും. മാര്‍ട്ടിനെസ് കൊല്‍ക്കത്തയിലെത്തുന്ന കാര്യം ബംഗ്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടിയ താരം കൂടിയാണ് മാര്‍ട്ടിനെസ്. മൊറോക്കോയുടെ യാസീന്‍ ബോനോ, ബെല്‍ജിയത്തിന്റെ തിബോത് കോര്‍ട്വ എന്നിവര്‍ക്കെതിരെയാണ് മാര്‍ട്ടിനെസ് മത്സരിക്കേണ്ടത്. വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആസ്റ്റണ്‍ വില്ല വിടുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. പ്രീമിയര്‍ ലീഗിലെ തന്നെ വമ്പന്മാര്‍ എമിക്ക് പിറകിലുണ്ട്.
ഇതിപ്പൊ ഒരുപാട് തവണയായി! രോഹിത്തിനെ പുറത്താക്കുന്നത് ശീലമാക്കി ലിയോണ്‍; കൂടെ ഒരു റെക്കോര്‍ഡും