ഒളിംപിക് ഫുട്‌ബോള്‍: റിച്ചാര്‍ലിസണിന് ഹാട്രിക്കില്‍ ബ്രസീല്‍ ജര്‍മനിയെ മുക്കി, അര്‍ജന്‍റീനയ്ക്ക് തോല്‍വി

By Web TeamFirst Published Jul 22, 2021, 7:22 PM IST
Highlights

റിച്ചാര്‍ലിസണിന്റെ ഹാട്രിക്കാണ് ബ്രസീലിന് ജയമൊരുക്കിയത്. പൗളിഞ്ഞോയാണ് നാലാം ഗോള്‍ നേടിയത്. ജര്‍മനിക്ക് വേണ്ടി നദീം അമീറി, റാഗ്നര്‍ അഷെ എന്നിവരാണ് ജര്‍മിയുടെ ഗോളുകള്‍ നേടിയത്.

ടോക്യോ: ഒളിംപിക് ഫുട്‌ബോളില്‍ കരത്തരുടെ പോരില്‍ ബ്രസീലിന് വമ്പന്‍ ജയം. ജര്‍മനിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാര്‍ലിസണിന്റെ ഹാട്രിക്കാണ് ബ്രസീലിന് ജയമൊരുക്കിയത്. പൗളിഞ്ഞോയാണ് നാലാം ഗോള്‍ നേടിയത്. ജര്‍മനിക്ക് വേണ്ടി നദീം അമീറി, റാഗ്നര്‍ അഷെ എന്നിവരാണ് ജര്‍മിയുടെ ഗോളുകള്‍ നേടിയത്.

ആദ്യ 30 മിനിറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ ഹാട്രിക് പൂര്‍ത്തിയാക്കി. ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 22-ാം മിനിറ്റില്‍ ഗ്യുല്‍ഹെര്‍മെ അരാനയുടെ അസിസ്റ്റില്‍ റിച്ചാര്‍ലിസണ്‍ രണ്ടാം ഗോള്‍ നേടി. 30-ാം മിനിറ്റില്‍ മതേയൂസ് കുഞയുടെ സഹായത്തില്‍ റിച്ചാര്‍ലിസണ്‍ ഹാട്രിക് പൂര്‍ത്തിയാക്കി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് കുഞയുടെ പെനാല്‍റ്റി ജര്‍മന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 

രണ്ടാം പകുതിയില്‍ ജര്‍മനി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 57-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 63-ാം മിനിറ്റില്‍ മാക്‌സിമിലിയന്‍ അര്‍ണോള്‍ഡ് ചുവപ്പ് കാര്‍ഡുമായി പുറത്തായത് ജര്‍മനിക്ക് തിരിച്ചടിയായി. എങ്കിലും ഒരു ഗോള്‍ കൂടി തിരിച്ചടിക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ അഷെ ലീഡ് ഒന്നാക്കി കുറച്ചു. എന്നാല്‍ സമനില പിടിക്കാന്‍ അവര്‍ക്കായില്ല. ഇതിനിടെ ഇഞ്ചുറി സമയത്ത് പൗളിഞ്ഞോ ബ്രസീലിന്റെ പട്ടിക പൂര്‍ത്തിയാക്കി.

നേരത്തെ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ക്ക് വന്‍ തോല്‍വി പിണഞ്ഞിരുന്നു. ഓസ്‌ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഫ്രാന്‍സിനെ മെക്‌സിക്കോ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തു. അതേസമയം വന്‍ താരനിരയുമായെത്തിയ സ്‌പെയ്‌നിനെ ഈജിപ്റ്റ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഐവറി കോസ്റ്റ് 2-1 സൗദി അറേബ്യയെ തോല്‍പ്പിച്ചപ്പോള്‍ ആതിഥേയരായ ജപ്പാന്‍ 1-0ത്തിന ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. 

click me!