
ലണ്ടന്‍: ആഴ്‌സനല്‍ ഗോളിയോട് അപമര്യാദയായി പെരുമാറിയതിനെ ന്യായീകരിച്ച് ടോട്ടനം താരം റിച്ചാര്‍ലിസണ്‍. അതേസമയം ആഴ്‌സണല്‍ ഗോളിയെ തൊഴിച്ച ടോട്ടനം ആരാധകനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. ടോട്ടനം ഹോം ഗ്രൗണ്ടില്‍ ആഴ്‌സനല്‍ രണ്ട് ഗോള്‍ ജയം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍. ആരോണ്‍ റാംസ്‌ഡേലിനെതിരായ മോശം പെരുമാറ്റത്തില്‍ വിമര്‍ശനം കടുക്കുമ്പോളും പശ്ചാത്താപമില്ലെന്ന് പറയുന്നു റിച്ചാര്‍ലിസണ്‍.
ടോട്ടനം കാണികള്‍ക്ക് മുന്നില്‍ മര്യാദയില്ലാത്ത വിധം വിജയം ആഘോഷിക്കുകയായിരുന്നു റാംസ്‌ഡേല്‍. ആഴ്‌സനല്‍ ആരാധകര്‍ക്ക് മുന്നിലേക്കായിരുന്നു അയാള്‍ പോകേണ്ടിയിരുന്നത്. അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും ബ്രസീലിയന്‍ താരം പറഞ്ഞു. അതേസമയം സ്റ്റേഡിയം വിടാന്‍ ഒരുങ്ങിയ ആഴ്‌സനല്‍ ഗോളിയെ തൊഴിച്ച ടോട്ടനം ആരാധകനെതിരെയും പ്രതിഷേധം ശക്തമാണ്. ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ലീഗ് അധികൃതര്‍ ഇയാള്‍ക്ക് ആജീവനാന്ത സ്റ്റേഡിയം വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും. രാത്രി ഒന്നരയ്ക്ക് ക്രിസ്റ്റല്‍ പാലസിന്റെ മൈതാനത്താണ് മത്സരം. തുടര്‍വിജയങ്ങളുമായി മുന്നേറുന്ന യുണൈറ്റഡ് അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചിരുന്നു. 18 കളിയില്‍ 38 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ യുണൈറ്റഡ്. അവസാന രണ്ട് കളിയും തോറ്റ ക്രിസ്റ്റല്‍ പാലസ് 22 പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്തും. തുടര്‍ച്ചയായ പത്താം വിജയമാണ് യുണൈറ്റഡിന്റെ ലക്ഷ്യം. പരിക്കേറ്റ ആന്തണി മാര്‍ഷ്യല്‍ കളിച്ചേക്കില്ല. പകരം കഴിഞ്ഞ ദിവസം ടീമിലെത്തിയ ഡച്ച് താരം വെഗ്‌ഹോസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും. ആഴ്‌സനലാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 18 മത്സരങ്ങളില്‍ 47 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!