'വായടയ്ക്കൂ.., മിണ്ടാതിരിക്കൂ'; അര്‍ജന്റൈന്‍ താരങ്ങളെ പരിഹസിച്ച റിച്ചാലിസണിന് ഡി പോളിന്റെ മറുപടി

By Web TeamFirst Published Jul 29, 2021, 4:48 PM IST
Highlights

ടോക്യോ ഒളിംപിക്‌സില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ 4-2ന് ജയിച്ചിരുന്നു. റിച്ചാര്‍ലിസണിന്റെ ഹാട്രിക്കാണ് ബ്രസീലിന് ജയമൊരുക്കിയത്.

ടോക്യോ: അര്‍ജന്റീന- ബ്രസീല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് എപ്പോഴും വീര്യമേറെയാണ്. ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ താരങ്ങളില്‍ ആ വീറും വാശിയും കാണാറുണ്ട്. അര്‍ജന്റീനയോട് തോല്‍ക്കുകയെന്ന് പറഞ്ഞാല്‍ ബ്രസീലിന് ഇതിനേക്കാള്‍ വലിയ നാണക്കേടില്ലെന്ന് തന്നെ പറയാം. തിരിച്ചും അങ്ങനെ തന്നെ.

ടോക്യോ ഒളിംപിക്‌സില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ 4-2ന് ജയിച്ചിരുന്നു. റിച്ചാര്‍ലിസണിന്റെ ഹാട്രിക്കാണ് ബ്രസീലിന് ജയമൊരുക്കിയത്. റിച്ചാര്‍ലിസണ്‍ ഹാട്രിക് നേടിയ കാര്യം അര്‍ജന്റൈന്‍ മാധ്യമമായ ടൈക്ക് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ടൈക്കിന്റെ റിപ്പോര്‍ട്ടിന് താഴെ അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രൊ പരെഡെസ് പരിഹാസത്തോടെയുള്ള കമന്റുമായെത്തി. 

കോപ്പ അമേരിക്ക ഫൈനലില്‍ ഇതൊന്നും കണ്ടില്ലല്ലോയെന്നായിരുന്നു പരെഡെസിന്റെ മറുപടി. സഹതാരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലോ സെല്‍സോ എന്നിവര്‍ പരെഡെസിന് ചിരിക്കുന്ന ഇമോജിയുമായി പരെഡെസിന് പിന്തുണയുമായെത്തി. റിച്ചാര്‍സിസണിന് ഇന്നലെയാണ് ആ പരിഹാസത്തിനുള്ള മറുപടി നല്‍കാനായത്. അതും ഒളിംപിക് ഫുട്‌ബോളില്‍ സ്‌പെയ്‌നിനോട് സമനിലയില്‍ പിരിഞ്ഞ് പുറത്തായ ശേഷം.

ഈ മത്സരം കാണാന്‍ ബ്രസീലിയന്‍ താരങ്ങളും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഈ അവസരം അവസാനിച്ചതിന് പിന്നാലെ റിച്ചാലിസണ്‍ സഹതാരങ്ങളുമൊത്ത് സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി. അര്‍ജന്റീന താരങ്ങള്‍ മടങ്ങുന്നത് സെല്‍ഫിയില്‍ കാണാമായിരുന്നു. സ്റ്റോറിയില്‍ ''കുട്ടി സഹോദരങ്ങള്‍ക്ക് വിട'' എന്നും കുറിച്ചിട്ടിരുന്നു.

എന്തായാലും ഈ പരിഹാസം അര്‍ജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോളിന് അത്രയ്ക്ക് രസിച്ചില്ല. താരം അതിനുള്ള മറുപടിയുമായെത്തി. പകരം ഒരു ചിത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഡി പോള്‍ പങ്കുവച്ചത്. കോപ്പ ഫൈനലിനിടെ റിച്ചാര്‍ലിസണ്‍ ഡി പോളിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ബ്രസീലിയന്‍ താരത്തോട് മിണ്ടരുത് അംഗ്യത്തോടെ കാണിക്കുന്നതും ചിത്രത്തില്‍ കാണാം. അര്‍ജന്റീനയുടെ പതാകയും ട്രോഫിയുടെ ഈമോജിയും ഡി പോളിന്റെ സ്‌റ്റോറിയിലുണ്ടായിരുന്നു.

റിച്ചാര്‍ലിസണിനുള്ള മറുപടി നല്‍കിയ ഡി പോളിന് പിന്തുണയുമായി അര്‍ജന്റൈന്‍ ആരാധകരെത്തി. അവരത് ഏറ്റെടുക്കുകയായിരുന്നു. ഇതിനോട് ഏത് രീതിയിലായിരിക്കും ബ്രീസിലിയന്‍ താരങ്ങള്‍ പ്രതികരിക്കുകയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
 

click me!