മറഡോണ, പെലെ...പേരുകള്‍ നിരവധി; മെസി എക്കാലത്തെയും മികച്ച താരമെന്ന് പറയാനാവില്ലെന്ന് റൊണാള്‍ഡീഞ്ഞോ

By Jomit JoseFirst Published Sep 23, 2022, 9:16 AM IST
Highlights

വ്യത്യസ്ത തലമുറകളിൽപ്പെട്ട താരങ്ങളുടെ താരതമ്യം ശരിയല്ലെന്നും റൊണാൾഡീഞ്ഞോ

ബ്യൂണസ് ഐറിസ്: ലിയോണൽ മെസി എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമാണെന്ന് പറയാനാവില്ലെന്ന് ബ്രസീലിന്‍റെ മുൻതാരം റൊണാള്‍ഡീഞ്ഞോ. ഫുട്ബോൾ ചരിത്രത്തിൽ മറഡോണ, പെലെ എന്നിവരുള്‍പ്പെടെ ഒരുപാട് മഹാരഥൻമാരുണ്ട്. അവരുടെ കാലത്തെ മികച്ച താരങ്ങളായിരുന്നു ഓരോരുത്തരും എന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യം ഫുട്ബോൾ ലോകത്ത് എന്നും ആവർത്തിക്കപ്പെടുന്ന ഒന്നാണ്. പലതാരങ്ങളും പരിശീലകരും വിദഗ്ധരുമെല്ലാം വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇക്കാര്യത്തിൽ പറയാറുള്ളത്. പുതിയകാലത്തിൽ ഒട്ടുമിക്കപേരും ലിയോണൽ മെസിയെ എക്കാലത്തേയും മികച്ച താരമായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ബ്രസീലിയൻ മുന്‍താരം റൊണാൾഡീഞ്ഞോ ഇതിനോട് യോജിക്കുന്നില്ല. മെസി ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണെന്നും എക്കാലത്തേയും മികച്ച താരമാണെന്ന് പറയാൻ കഴിയില്ലെന്നും റൊണാൾഡീഞ്ഞോ വ്യക്തമാക്കുന്നു. 

പെലെ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങൾ നമുക്ക് മുൻപ് ഇവിടെ കളിച്ചിരുന്നു. അവരുടെ കാലത്ത് മറഡോണയും പെലെയും അസാധാരണ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഇപ്പോൾ കാലം മാറിയിരിക്കുന്നു. വ്യത്യസ്ത തലമുറകളിൽപ്പെട്ട താരങ്ങളുടെ താരതമ്യം ശരിയല്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. ബാഴ്സലോണയിൽ റൊണാൾഡീഞ്ഞോയുടെ തണലിൽ വളർന്ന താരമാണ് മെസി. ലിയോണല്‍ മെസിയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് റൊണാൾഡീഞ്ഞോ ആയിരുന്നു.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് ലിയോണല്‍ മെസി വിലയിരുത്തപ്പെടുന്നത്. ഏഴ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ മെസി സ്വന്തമാക്കിയിട്ടുണ്ട്. ലിയോണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ചവനെന്ന ചോദ്യത്തിന് ബയേണ്‍ മ്യൂണിക് സ്ട്രൈക്കര്‍ തോമസ് മുള്ളര്‍ അടുത്തിടെ മറുപടി നല്‍കിയിരുന്നു. മുള്ളറുടെ അഭിപ്രായത്തില്‍ മെസിയെക്കാള്‍ കേമന്‍ റൊണാള്‍ഡോായായിരുന്നു. തനിക്ക് മെസിക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടെന്നും എന്നാല്‍ റൊണാള്‍ഡോക്കെതിരെ അതില്ലെന്നുമായിരുന്നു അതിന് അദ്ദേഹം പറഞ്ഞ കാരണം. 

മെസ്സിയോ റൊണാള്‍ഡോയോ 'GOAT'; മറുപടി നല്‍കി മുള്ളര്‍

click me!