'യാത്ര അവസാനിച്ചിട്ടില്ല, 2024ലെ യൂറോ കപ്പും കളിക്കണം'; ആരാധകരെ അമ്പരപ്പിച്ച് റൊണാള്‍ഡോ

By Jomit JoseFirst Published Sep 21, 2022, 4:56 PM IST
Highlights

പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 189 മത്സരങ്ങളില്‍ 117 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ നേടിയത്

ലിസ്ബണ്‍: പ്രതാപകാലത്തിന്‍റെ നിഴലില്‍ പോലുമില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയും ഉടന്‍ വിരമിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024ലെ യൂറോ കപ്പ് വരെ കളിക്കുമെന്നാണ് മുപ്പത്തിയേഴ് വയസുകാരനായ സിആര്‍7ന്‍റെ വാക്കുകള്‍. 

'എന്‍റെ യാത്ര അവസാനിച്ചിട്ടില്ല. ക്രിസ് എന്ന് ആര്‍ത്തുവിളിക്കുന്നത് ഇനിയുമേറെക്കാലം കേള്‍ക്കേണ്ടിവരും. എനിക്ക് ലോകകപ്പിന്‍റെയും യൂറോ കപ്പിന്‍റേയും ഭാഗമാകണം. എനിക്ക് വളരെ പ്രചോദനം തോന്നുന്നു. എന്‍റെ അഭിലാഷം വലുതാണ്' എന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്‍റെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ലിസ്ബണില്‍ പറഞ്ഞു. 

പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 189 മത്സരങ്ങളില്‍ 117 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ നേടിയത്. 2022 ഖത്തര്‍ ലോകകപ്പിലും റോണോ പോര്‍ച്ചുഗീസ് കുപ്പായത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. റൊണാള്‍ഡോയുടെ 10-ാം മേജര്‍ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റായിരിക്കും ഇത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലോകകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയത്. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇറാന്‍ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. 

മറ്റ് ക്ലബുകളിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങള്‍ക്കിടെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗ് സീസണിലെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അവസാന യൂറോപ്പ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയിരുന്നു. അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ എവിടെയാവും കളിക്കുക എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഇതിനിടെയാണ് ഇനിയും വര്‍ഷങ്ങള്‍ മൈതാനത്ത് കാണും എന്ന് റൊണാള്‍ഡോ പ്രഖ്യാപിക്കുന്നത്. 

ഐതിഹാസികം ക്രിസ്റ്റ്യാനോ! ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്‍; ലോകകപ്പ് യോഗ്യതയില്‍ പോര്‍ച്ചുഗലിന് ജയം

click me!