യൂറോ 2020: പോഗ്ബയെ കടിച്ചുവെന്ന ആരോപണം നിഷേധിച്ച് റൂഡിഗര്‍

By Web TeamFirst Published Jun 16, 2021, 5:27 PM IST
Highlights

മത്സരശേഷം പോള്‍ പോഗ്ബയും റൂഡിഗര്‍ തന്നെ കടിച്ചിട്ടില്ലെന്നും ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും പറഞ്ഞിരുന്നു. താനും റൂഡിഗറും സുഹൃത്തുക്കാളാണെന്നും മത്സരത്തില്‍ റൂഡിഗര്‍ക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പു കാര്‍ഡോ വാങ്ങിച്ചുകൊടുക്കുക എന്നത് ഒരിക്കലും തന്‍റെ ഉദ്ദേശമായിരുന്നില്ലെന്നും പോഗ്ബ പറഞ്ഞു.

മ്യൂണിക്ക്: യൂറോ കപ്പില്‍ ഫ്രാന്‍സ്-ജര്‍മനി മത്സരത്തിനിടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ പിന്നില്‍ നിന്ന് കടിച്ചുവെന്ന ആരോപണം നിഷേധിച്ച് ജര്‍മന്‍ പ്രതിരോധനിര താരം അന്‍റോണിയോ റൂഡിഗര്‍. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ റൂഡിഗര്‍ പോഗ്ബയുടെ പിന്നില്‍ നിന്ന് തോളില്‍ മുഖം അമര്‍ത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സംഭവത്തെക്കുറിച്ച് പോഗ്ബ അപ്പോള്‍ തന്നെ റഫറിയോട് പരാതിപ്പെട്ടങ്കിലും റൂഡിഗര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. പോഗ്ബയുടെ തോളില്‍ മുഖം അമര്‍ത്തിയത് തെറ്റാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ താന്‍ കടിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റൂഡിഗര്‍ പറഞ്ഞു. മത്സരത്തിനുശേഷം സുഹൃത്തായ പോഗ്ബയുമായി ഇക്കാര്യം സംസാരിച്ചുവെന്നും തന്നെ കടിച്ചില്ലെന്ന് മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പോഗ്ബ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും റൂഡിഗര്‍ വ്യക്തമാക്കി.

മത്സരശേഷം പോള്‍ പോഗ്ബയും റൂഡിഗര്‍ തന്നെ കടിച്ചിട്ടില്ലെന്നും ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും പറഞ്ഞിരുന്നു. താനും റൂഡിഗറും സുഹൃത്തുക്കാളാണെന്നും മത്സരത്തില്‍ റൂഡിഗര്‍ക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പു കാര്‍ഡോ വാങ്ങിച്ചുകൊടുക്കുക എന്നത് ഒരിക്കലും തന്‍റെ ഉദ്ദേശമായിരുന്നില്ലെന്നും പോഗ്ബ പറഞ്ഞു.

അദ്ദേഹം എന്‍റെ പുറകില്‍ തോളില്‍ മുഖം അമര്‍ത്തിയിരുന്നു. ചെറുതായി കടിച്ചുവെന്നാണ് എനിക്ക് തോന്നിയത്. ഞാനത് അപ്പോള്‍ തന്നെ റഫറിയോട് പറയുകയും ചെയ്തു. എന്നാല്‍ റഫറി അതിന് ശിക്ഷയൊന്നും നല്‍കിയതുമില്ല. ഇക്കാരണം കൊണ്ട് റൂഡിഗര്‍ക്ക് കാര്‍ഡൊന്നും കിട്ടാതിരുന്നത് നന്നായെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പോഗ്ബ പറഞ്ഞു. മത്സരത്തില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സിന്‍റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍ ജയിച്ചത്.

click me!