സന്തോഷ് ട്രോഫി: ആദ്യ യോഗ്യത മത്സരത്തില്‍ കേരളം നാളെ ആന്ധ്രക്കെതിരെ

By Web TeamFirst Published Nov 4, 2019, 9:04 AM IST
Highlights

വൈകിട്ട് നാലിന് തുടങ്ങുന്ന ആദ്യ കളിയില്‍ കേരളം ആന്ധ്രയെ നേരിടും. കഴിഞ്ഞ തവണ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായിരുന്നു 
 

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരം നാളെ കോഴിക്കോട് തുടങ്ങും. ആദ്യ കളിയില്‍ കേരളം ആന്ധ്രയെ നേരിടും. വൈകിട്ട് നാലിനാണ് മത്സരം. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും കര്‍ണ്ണാടക, പോണ്ടിച്ചേരി, തെലങ്കാന എന്നിവര്‍ ബി ഗ്രൂപ്പിലുമാണ്. കഴിഞ്ഞ തവണ ദക്ഷിണ മേഖലയില്‍ നിന്ന് യോഗ്യത നേടിയത് സര്‍വ്വീസസും കര്‍ണാടകയുമാണ്. 

കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായിരുന്നു. യോഗ്യത റൗണ്ടില്‍ കേരളം തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകളോട് ഗോള്‍രഹിത സമനില വഴങ്ങുകയും സര്‍വ്വീസസിനോട് ഒരുഗോളിന് തോല്‍ക്കുകയും ചെയ്യതു. ഇത്തവണ മികച്ച ടീമായതിനാല്‍ ഫൈനല്‍ റൗണ്ടിലെത്താന്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലെന്നാണ് കരുതുന്നത്. ദക്ഷിണ മേഖലയില്‍ നിന്ന് യോഗ്യത നേടാനെത്തുന്ന മിക്ക ടീമുകളിലും ഐഎസ്എല്‍ താരങ്ങളുണ്ട്. യോഗ്യത റൗണ്ടിന്‍റെ നിലവാരം ഇതുയര്‍ത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് വേദി. നവംമ്പര്‍ പത്ത് വരെയാണ് മത്സരങ്ങള്‍. യോഗ്യത റൗണ്ടിനെത്തുന്ന ടീമുകളുടെ എണ്ണം ആറായി കുറഞ്ഞതോടെ ഒരു ടീമിന് രണ്ട് കളിയേ ഉള്ളൂ. സര്‍വ്വീസസാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാര്‍. പഞ്ചാബാണ് റണ്ണറപ്പ്. അഞ്ച് മേഖലകളിലേയും യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ജനുവരിയില്‍ മിസോറാമിലാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്. 

click me!