അര്‍ജന്‍റീനയ്‌ക്കെതിരായ അട്ടിമറി ജയം; സൗദി കളിക്കാര്‍ക്ക് റോള്‍സ് റോയ്സ് ഫാന്‍റം സമ്മാനം? സത്യമോ

By Web TeamFirst Published Nov 26, 2022, 5:12 AM IST
Highlights

മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്.

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച ടീമിലെ എല്ലാ താരങ്ങള്‍ക്കും സൗദി രാജകുമാരന്‍ അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്‍റം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവം. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകകപ്പ് ഫുട്ബോളില്‍ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വാര്‍ത്ത സത്യമോ വ്യാജമോ?

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം സൗദി രാജകുടുംബത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അട്ടിമറി ജയം സമ്മാനിച്ച ടീമിലെ താരങ്ങള്‍ക്ക് റോള്‍സ് റോയ്സ് ഫാന്‍റം കാര്‍ സമ്മാനിക്കുമെന്ന വാര്‍ത്ത വ്യാജമാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഫാന്‍റം വാര്‍ത്ത എന്തായാലും ഫുട്ബോള്‍ ലോകത്തെ ത്രസിപ്പിച്ചിരിക്കുകയാണ് ലോകകപ്പ് ഫേവറേറ്റുകളില്‍ ഒന്നായ അര്‍ജന്‍റീനയ്ക്കെതിരെ സൗദി നേടിയ അട്ടിമറി വിജയം.

മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്. മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍ യാസർ അൽ സഹ്‌റാനിയെ എയര്‍ ലിഫ്റ്റ് ചെയ്ത് ജര്‍മനിയിലെത്തിക്കാന്‍ കിരീടവകാശി ഉത്തരവിട്ടതും വാര്‍ത്തയായിരുന്നു. സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്‍റെ മുട്ട് കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താരത്തിന്‍റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ എല്ലും ഒടിഞ്ഞിരുന്നു.

എന്തായാലും സൗദിയുടേത് ചരിത്ര വിജയം

ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പം പിടിച്ചു.സമനില ഗോളിന്‍റെ ആവേശത്തില്‍ അലമാലപോലെ ആക്രമിച്ചു കയറിയ സൗദി അര്‍ജന്‍റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്‍റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടി. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നെങ്കിലും മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ മെരുക്കിയ സൗദി ഒടുവില്‍ ചരിത്രജയവുമായാണ് ഗ്രൗണ്ട് വിട്ടത്.

click me!