
ന്യൂജേഴ്‌സി: ലോകകപ്പ് ഫൈനലിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ആരാധകരും കായിക ലോകവും ഒരേപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സ്പെയിന്റെ പത്തൊമ്പതുകാരൻ അത്ഭുത ബാലൻ ലമീൻ യമാലിനെ അർജന്‍റീനൻ പ്രതിരോധം എങ്ങനെ പൂട്ടുമെന്നത്. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ അർജന്‍റനൻ പരിശീലകൻ ലയണൽ സ്കലോണിയോടും മാധ്യമപ്രവർത്തകർ ചോദിച്ചത് ഇതേ ചോദ്യമായിരുന്നു. എന്നാൽ സ്കലോണിയുടെ മറുപടി കേട്ട് മാധ്യപ്രവര്‍ത്തകര്‍ക്ക് പോലും ചിരി അടക്കാനായില്ല.
ലമീൻ യമാലിനെ മൈതാനത്ത് പൂട്ടാന്‍ എന്ത് തന്ത്രമാണ് ഉള്ളതെന്ന ചോദ്യത്തിന്, അവനെ തടയണമെങ്കിൽ വല്ല മുറിയിലും പൂട്ടിയിടേണ്ടി വരും എന്നായിരുന്നു ചിരിച്ചുകൊണ്ട് സ്കലോണിയുടെ പ്രതികരണം. തമാശയ്ക്ക് ശേഷം ലമീൻ യമാലിനെ പുകഴ്ത്താനും അർജന്‍റീനയുടെ ആശാൻ മറന്നില്ല. യമാൽ ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്ന് സ്കലോണി പറഞ്ഞു.
യമാൽ ഫുട്ബോളിന് കിട്ടിയ വലിയൊരു നിധിയാണ്. അവൻ ഇപ്പോഴും വളരെ ചെറുപ്പമാണ്, എന്നാൽ കളിയിലെ അവന്‍റെ പക്വത അത്ഭുതപ്പെടുത്തുന്നതാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ഫുട്ബോൾ ലോകത്തിന് നൽകാൻ അവന് കഴിയും. സ്പെയിൻ ടീമിനും ഈ മനോഹരമായ ഗെയിമിനും അവൻ നൽകുന്ന സംഭാവനകൾ അത്രമേൽ വലുതാണെന്നും സ്കലോണി വ്യക്തമാക്കി.
"¿Lamine Yamal? Sería bueno encerrarlo el domingo en la habitación" 🗣️🇪🇸
Lionel Scaloni y su divertida respuesta en zona mixta 😂#DAZNMundial #FIFAWorldCup pic.twitter.com/S0Vv3A1WwZ— DAZN España (@DAZN_ES) July 18, 2026
ടൂർണമെന്‍റിലുടനീളം വിംഗുകളിലൂടെ കൊടുങ്കാറ്റായി മാറിയ ലമീൻ യമാലിനെ തടയുക എന്നത് അർജന്‍റീനൻ പ്രതിരോധത്തിന് വലിയ വെല്ലുവിളി തന്നെയാണ്. സ്കലോണി പ്രസ് മീറ്റിൽ തമാശയായി പറഞ്ഞതാണെങ്കിലും, യമാലിന്‍റെ വേഗതയ്ക്ക് തടയിടാൻ മൈതാനത്ത് കടുത്ത അടവുകൾ തന്നെ അർജന്‍റീന പയറ്റുമെന്നുറപ്പാണ്. മെസിയുടെ അർജന്‍റീനയും യമാലിന്‍റെ സ്പെയിനും നേർക്കുനേർ വരുന്ന ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകരും ആവേശത്തുമ്പത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!