രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്‍റെ (ഇഫാബ്) നിയമപ്രകാരം കളിക്കാരുടെ ഫിറ്റ്നസും സുരക്ഷയും മുൻനിർത്തി ഹാഫ് ടൈം ബ്രേക്ക് 15 മിനിറ്റിൽ കൂടാൻ പാടില്ല.

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ ലോകോത്തര പോപ് താരങ്ങൾ അണിനിരക്കുന്ന മെഗാ സംഗീത വിരുന്ന് നടക്കാനിരിക്കെ, കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഹാഫ് ടൈം ഇടവേളയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിഫ. ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക്17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ സ്പാനിഷ്, അർജന്‍റീനൻ ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണയായി ഫുട്ബോൾ മത്സരങ്ങളിൽ നൽകുന്ന 15 മിനിറ്റ് ഇടവേളയേക്കാൾ വെറും രണ്ട് മിനിറ്റ് മാത്രമാണ് ഇവിടെ അധികമായി അനുവദിക്കുക. ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും തത്സമയ സംഗീത പരിപാടികൾക്കായി മാറ്റിവെക്കുക. ബാക്കി സമയം വേദി പെട്ടെന്ന് ഒരുക്കാനും മാറ്റാനും, ഗ്രൗണ്ടിലെ പുല്ല് നനയ്ക്കാനും വേണ്ടിയാണ് ഉപയോഗിക്കുക. ന്യൂയോർക്കിലെ കാട്ടുതീയെത്തുടർന്നുണ്ടായ പുകപടലങ്ങൾ സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ഫൈനൽ വൻ ആഘോഷമാക്കാനാണ് ഫിഫയുടെ പ്ലാൻ.

ഷക്കീറ, ബിടിഎസ്, ജസ്റ്റിൻ ബീബർ; അണിനിരക്കുന്നത് വൻ താരനിര

പോപ് രാജ്ഞി ഷക്കീറ, ജസ്റ്റിൻ ബീബർ, മഡോണ, ലോകപ്രശസ്ത കൊറിയൻ ബാൻഡ് ആയ ബിടിഎസ് എന്നിവരാണ് ഹാഫ് ടൈം ഷോയ്ക്ക് തീയേറ്റർ ഒരുക്കുന്നത്. ഇവർക്ക് പുറമെ ബർണാ ബോയ്, പ്രശസ്ത കണ്ടക്ടർ ഗുസ്താവോ ഡുഡാമൽ, കോൾഡ് പ്ലേയുടെ ക്രിസ് മാർട്ടിൻ നയിക്കുന്ന പിഎസ്22 കോറസ് എന്നിവരും ഫൈനൽ വേദിയിൽ വിസ്മയം തീർക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫുട്ബോൾ വികസനത്തിനുമായി 100 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിന്‍റെ' പ്രചാരണാർത്ഥമാണ് ഈ വൻ ഷോ സംഘടിപ്പിക്കുന്നത്.

തടസ്സമായി 'ഇഫാബ്' നിയമം; കളി നിയമങ്ങൾ മാറ്റില്ല

രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്‍റെ (ഇഫാബ്) നിയമപ്രകാരം കളിക്കാരുടെ ഫിറ്റ്നസും സുരക്ഷയും മുൻനിർത്തി ഹാഫ് ടൈം ബ്രേക്ക് 15 മിനിറ്റിൽ കൂടാൻ പാടില്ല. നേരത്തെ അമേരിക്കൻ സൂപ്പർ ബോൾ മാതൃകയിൽ ഇടവേള 25 മിനിറ്റാക്കി മാറ്റണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും, കൂടുതൽ സമയം കളിക്കളത്തിൽ സജീവമല്ലാതെ ഇരിക്കുന്നത് കളിക്കാരുടെ പേശികളെയും ഫിറ്റ്നസിനെയും ബാധിക്കുമെന്നതിനാൽ ഇഫാബ് ഇത് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഫിഫ ഷോയുടെ സമയം 11 മിനിറ്റാക്കി ചുരുക്കി ആകെ ഇടവേള 17 മിനിറ്റിൽ ഒതുക്കാൻ തീരുമാനിച്ചത്. നാളെ (ജൂലൈ 19 ഞായറാഴ്ച) നടക്കുന്ന ലോകകപ്പ് ഫൈനലിൽ മെസിയുടെ അർജന്‍റീനയും യമാലിന്‍റെ സ്പെയിനും തമ്മിലാണ് കിരീടപ്പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക