ഇംഗ്ലണ്ടിനെ വിറപ്പിച്ചു; സ്‌കോട്‌ലന്‍ഡിന് വിജയതുല്യമായ സമനില

By Web TeamFirst Published Jun 19, 2021, 2:31 AM IST
Highlights

വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ഓരോ പോയിന്റുകള്‍ ഇരുവര്‍ക്കും പങ്കിടേണ്ടി വന്നു. ഗ്രൂപ്പില്‍ നാല് പോയിന്റുള്ള ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

ലണ്ടന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പൂട്ടി സ്‌കോട്ലന്‍ഡ്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ഓരോ പോയിന്റുകള്‍ ഇരുവര്‍ക്കും പങ്കിടേണ്ടി വന്നു. ഗ്രൂപ്പില്‍ നാല് പോയിന്റുള്ള ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റ് മാത്രമുള്ള സ്‌കോടലന്‍ഡ് നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ട്- സ്‌കോട്‌ലന്‍ഡ് ഫുട്‌ബോള്‍ വൈര്യത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനായത് സ്‌കോട്‌ലന്‍്ഡ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയതുല്യമായ നേട്ടാണ്. 

4-ാം മിനിറ്റില്‍ സ്‌കോട്‌ലന്‍ഡിന്റെ ആക്രമണത്തോടെയാമ് മത്സരം തുടങ്ങിയത്. വലത് വിംഗിലൂടെ പന്തുമായി മുന്നേറി ബോക്‌സില്‍ കയറിയ സ്റ്റീഫന്‍ ഒ ഡണ്ണല്‍ ഗോളിന് ശ്രമിച്ചു. എന്നാല്‍ ഗോള്‍ കീപ്പര്‍ ജോദാന്‍ പിക്‌ഫോര്‍ഡ് പരീക്ഷിക്കപ്പെടും മുമ്പ് ജോണ്‍സ് സ്‌റ്റോണ്‍ പ്രതിരോധം തീര്‍ത്തു. 11-ാം മിനിറ്റില്‍ സ്‌റ്റോണ്‍സിന്റെ ഒരു ഹെഡ്ഡര്‍ സ്‌കോട്ടിഷ് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. 30-ാം മിനിറ്റില്‍ ഡണ്ണലിന്റെ ഒരു ഗ്രൗണ്ട് ഷോട്ട് പിക്‌ഫോര്‍ഡ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ആദ്യപകുതി ഈ വിധത്തില്‍ അവസാനിക്കുകയായിരുന്നു.

രണ്ടാംപാതി തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ട് ആദ്യ അവസരമൊരുക്കി. ഇടത് വിംഗ്ബാക്ക് ലൂക്ക് ഷോയില്‍ നിന്ന് പാസ് സ്വീകരിച്ച് മൗണ്ട് പോസ്റ്റിന് താഴെ വലത് മൂല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്നാല്‍ സ്‌കോട്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് മാര്‍ഷല്‍ സുരക്ഷിതമായി പുറത്തേക്ക് തട്ടിയകറ്റി. 62-ാ മിനിറ്റില്‍ സ്‌കോട്‌ലന്‍ഡ് ഫോര്‍വേര്‍ഡ്  ലിന്‍ഡണ്‍ ഡൈക്‌സിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ വലയില്‍ കയറിയെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഗോള്‍ ലൈനില്‍ തിറോണ്‍ മിംഗ്‌സ് പന്ത് ഹെഡ് ചെയ്തകറ്റി. 78-ാം മിനിറ്റില്‍ ചെ അഡംസിന്റെ വോളി ഇംഗ്ലീഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക്കിനെയാണ് ഇംഗ്ലണ്ടിന് നേരിടേണ്ട്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടും. ഇരുവര്‍ക്കും ഇപ്പോള്‍ നാല് പോയിന്റ് വീതമാണുള്ളത്.

click me!