ബാഴ്‌സ ജേഴ്‌സി; യാഥാര്‍ഥ്യമാകുന്നത് അഗ്യൂറോയുടെ ബാല്യകാല സ്വപ്‌നം

By Web TeamFirst Published Jun 2, 2021, 10:40 AM IST
Highlights

മാഞ്ചസ്റ്റർ സിറ്റിയെ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് നയിച്ച സെർജിയോ അഗ്യൂറോയുടെ സ്‌കോറിംഗ് മികവിലാണ് ബാഴ്‌സയുടെ പ്രതീക്ഷ.

ബാഴ്‌സലോണ: വിഖ്യാത ബാഴ്‌സലോണ ജഴ്‌സിയിൽ കളിക്കുകയെന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നുവെന്ന് അർജന്റൈൻ താരം സെർജിയോ അഗ്യൂറോ. പുതിയ സീസണിലേക്കായി ബാഴ്‌സലോണ ടീമിലെത്തിച്ച ആദ്യ താരമാണ് അഗ്യൂറോ. 

മാഞ്ചസ്റ്റർ സിറ്റിയെ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് നയിച്ച സെർജിയോ അഗ്യൂറോയുടെ സ്‌കോറിംഗ് മികവിലാണ് ബാഴ്‌സയുടെ പ്രതീക്ഷ. 10 വർഷം സിറ്റിയിൽ കളിച്ച അഗ്യൂറോ ഇംഗ്ലീഷ് ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ, പ്രീമിയർ ലീഗിൽ ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം തുടങ്ങിയ റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഇത്തിഹാദിന്റെ പടിയിറങ്ങിയത്. സിറ്റിക്കുവേണ്ടി 260 ഗോൾ നേടിയ അഗ്യൂറോയെ രണ്ട് വർഷ കരാറിലാണ് ബാഴ്‌സലോണ ടീമിലെത്തിച്ചത്.

അ‍ര്‍ജന്റൈൻ ടീമിൽ ലിയോണൽ മെസിയുടെ സഹതാരമായ അഗ്യൂറോയുടെ സാന്നിധ്യം നായകൻ ക്ലബുമായുള്ള കരാർ പുതുക്കാൻ സഹായിക്കുമെന്ന് ബാഴ്‌സലോണ കരുതുന്നു. മെസിക്കൊപ്പം ഒരേ ക്ലബിൽ കളിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും ബാല്യകാലം മുതൽ ബാഴ്‌സലോണയിൽ കളിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടെന്നും അഗ്യൂറോ പറയുന്നു. ബാഴ്സലോണ ഈ സീസണിൽ ഒഴിവാക്കിയ ലൂയിസ് സുവാരസിന് പകരക്കാരനാവും അ‍ർജന്റൈൻ സ്‌‌ട്രൈക്ക‌‍ർ എന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുമ്പ് ലാ ലിഗയില്‍ കളിച്ച് പരിചയമുള്ള താരമാണ് അഗ്യൂറോ. 2006 മുതല്‍ 2011 വരെ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി താരം കളിച്ചിരുന്നു. പിന്നീട് സിറ്റിയിലേക്ക് കൂടുമാറുകയായിരുന്നു. 

മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർസ്യയുമായും ബാഴ്‌സലോണ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. 2025/26 സീസണ്‍ അവസാനം വരെയാണ് കരാര്‍. ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയില്‍ വളര്‍ന്ന ഗാര്‍സ്യ 2019/20 സീസണില്‍ പെപ് ഗ്വാര്‍ഡിയോളയ്‌ക്ക് കീഴിലാണ് സിറ്റിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇരുപതുകാരനായ ഗാര്‍സ്യ സീസണില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് സിറ്റി കുപ്പായമണിഞ്ഞത്. യൂറോ കപ്പിനുള്ള സ്‌പാനിഷ് ടീമില്‍ ഗാര്‍സ്യ ഇടംപിടിച്ചിരുന്നു. 

ബാഴ്‌സയില്‍ മെസി- അഗ്യൂറോ കൂട്ടുകെട്ട്; ഔദ്യോഗിക തീരുമാനം പുറത്തുവിട്ട് ക്ലബ്

യൂറോ കപ്പ്: ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്

സിദാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് റയൽ, ആഞ്ചലോട്ടിക്ക് രണ്ടാമൂഴം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!