സുനിൽ ഛേത്രി ഇന്ത്യയുടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന് ബൈച്ചുങ് ബൂട്ടിയ

By Web TeamFirst Published Jun 9, 2021, 11:40 AM IST
Highlights

അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടക്കാരിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇപ്പോൾ ഛേത്രിക്ക് മുന്നിലുള്ളത്. റൊണാൾഡോയ്ക്ക് 103ഉം ഛേത്രിക്ക് എഴുപത്തിനാലും ഗോളുകൾ.

ദില്ലി: ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ പോര്‌ട്ടു​ഗസൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഉപമിച്ച് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഛേത്രി ഇന്ത്യയുടെ ക്രിസ്റ്റ്യനോ റൊണാൾഡോയാണെന്ന് ബൂട്ടിയ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ ഛേത്രി ഇരട്ടഗോൾ നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചശേഷമായിരുന്നു ബൂട്ടിയയുടെ പ്രശംസ.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ ആദ്യ ജയമായിരുന്നു ഇത്. ഇതോടെ ഏഷ്യൻ കപ്പ് യോഗ്യതയ്ക്കുള്ള സാധ്യത സജീവമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഇതിനേക്കാൾ വലുതായിരുന്നു ഛേത്രിയുടെ വ്യക്തിഗത നേട്ടം. അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടക്കാരിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇപ്പോൾ ഛേത്രിക്ക് മുന്നിലുള്ളത്.

റൊണാൾഡോയ്ക്ക് 103ഉം ഛേത്രിക്ക് എഴുപത്തിനാലും ഗോളുകൾ. മെസ്സിയും നെയ്മറും ലെവൻഡോവ്സ്കിയുമെല്ലാം അന്താരഷ്ട്ര ഗോൾവേട്ടയിൽ നമ്മുടെ സ്വന്തം ഛേത്രിക്ക് പിന്നിലാണ്. ഛേത്രിയുടെ കഠിനാദ്ധ്വാനവും പ്രൊഫഷണൽ സമീപനവും ഇന്ത്യയിലെ യുവതാരങ്ങളെല്ലാം മാതൃകയാണക്കണമെന്ന് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ പറയുന്നു.

ഛേത്രിയെ ചെറുപ്പക്കാരനായും പരിചയസമ്പന്നനായും താൻ കണ്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ് ഛേത്രി. കഠിനാധ്വാനം ചെയ്ത് തന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന ഇന്ത്യൻ നായകൻ തികഞ്ഞ പ്രൊഫഷനലാണ്. പുതുതലമുറയ്ക്ക് ഛേത്രിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രതിഭയ്ക്കൊപ്പം കഠിനാദ്ധ്വാനം കൂടി ചേർന്നാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നതിന്റെ നേർസാക്ഷ്യമാണ് ഛേത്രിയെന്നും ബൂട്ടിയ പറഞ്ഞു.

click me!