ലോകകപ്പ് യോഗ്യതാ പോരാട്ടം: അർജന്റീനക്ക് വീണ്ടും സമനിലപൂട്ട്, നെയ്മർ ​ഗോളിൽ ബ്രസീലിന് ജയം

By Web TeamFirst Published Jun 9, 2021, 10:09 AM IST
Highlights

മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ റെമേരോ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഏട്ടാം മിനിറ്റിൽ ലിയാനാർ‍ഡോ പെരഡസ് അർജന്റീനയുടെ ലീഡ് രണ്ടായി ഉയർത്തി.

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇഞ്ച്വറി ടൈം ഗോളിലൂടെ അർജന്‍റീനയെ സമനിലയിൽ തളച്ച് കൊളംബിയ. 94ആം മിനിറ്റിൽ മിഗ്വേൽ ബോർജ നേടിയ ഗോളിലൂടെയാണ് കൊളംബിയ സമനില പിടിച്ചത്. കളിയിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. അർജന്റീനക്കായി നായകൻ ലിയോണൽ മെസ്സി 90 മിനിറ്റും കളം നിറഞ്ഞു കളിച്ചിട്ടും അർജന്റീനക്ക് ജയത്തിലെത്താനായില്ല.

മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ റെമേരോ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഏട്ടാം മിനിറ്റിൽ ലിയാനാർ‍ഡോ പെരഡസ് അർജന്റീനയുടെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ലൂയിസ് ഫെർണാണ്ടോ മ്യുരിയൽ ഫ്രൂട്ടോ ആണ്യാ കൊളംബിയക്കായി ഒരു ​ഗോൾ മടക്കിയത്. മിഗ്വേൽ ബോർജ ഇഞ്ചുറി ടൈമിൽ രണ്ടാം ​ഗോളും നേടി. ആറ് കളികളിൽ മൂന്ന് ജയവും മൂന്ന് സമനിലയുമായി ലാറ്റിനമേരിക്ക ​ഗ്രൂപ്പിൽ രണ്ടാമതാണ് അർജന്റീന.

മറ്റൊരു യോഗ്യതാ മത്സരത്തിൽ പരാഗ്വയ്ക്കെതിരെ ബ്രസീൽ രണ്ട് ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. നാലാം മിനിറ്റിൽ നെയ്മറാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ(93-ാം മിനിറ്റിൽ) ലൂക്കാസ് പാക്വറ്റ ബ്രസീലിന്റെ ​ഗോൾപട്ടിക തികച്ച് രണ്ടാം ​ഗോളും നേടി.

ലാറ്റിനമേരിക്കൻ ​യോ​ഗ്യതാ ​ഗ്രൂപ്പിൽ ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ ആറും ജയിച്ച ബ്രസീൽ 18 പോയന്റുമായി ​ഗ്രൂപ്പിൽ ഒന്നാമതാണ്. ആദ്യ നാലു സ്ഥാനക്കാർക്കാണ് അടുത്ത വർഷം ഖത്തറിൽ നടക്കുന് ലോകകപ്പിലേക്ക് ലാറ്റിനമേരിക്കൻ ​ഗ്രൂപ്പിൽ നിന്ന് നേരിട്ട് യോ​ഗ്യത നേടുക.

click me!