
ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടുമെന്ന് പ്രവചനം. സൂപ്പര്‍ കംപ്യൂട്ടറാണ് ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ കിരീടപ്പോരാട്ടം പ്രവചിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം. കിരീടപ്പോരാട്ടത്തില്‍ മെസിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടും. പോര്‍ച്ചുഗലിനെ തോല്‍പിച്ച് മെസി ലോകകപ്പ് നേടുമെന്നും സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നു.
ഇ എ സ്‌പോര്‍ട്‌സ് ഫിഫ ഗെയിം പ്ലേയര്‍ സ്റ്റാറ്റിക്‌സും കഴിഞ്ഞ നാലു ലോകകപ്പുകളിലെ മത്സരങ്ങളും വിലയിരുത്തിയാണ് സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം. മറ്റ് പ്രവചനങ്ങള്‍ ഇങ്ങനെ. ഇംഗ്ലണ്ട് ഇത്തവണയും സെമിയില്‍ പുറത്താവും. പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പിക്കും. ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്‍, വെയ്ല്‍സ്, അമേരിക്ക എന്നിവരെ തോല്‍പിക്കും. പ്രീക്വാര്‍ട്ടറില്‍ സെനഗലിനെയും ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെയും തോല്‍പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുക. അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ തോല്‍പിക്കുമെന്നും സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നു. നവംബര്‍ ഇരുപതിനാണ് ഫിഫ ലോകകപ്പിന് തുടക്കമാവുക. ഡിസംബര്‍ പതിനെട്ടിനാണ് ഫൈനല്‍.
അര്‍ജന്റീനയല്ല ഫേവറൈറ്റ്‌സ്
തങ്ങള്‍ ഫേവറൈറ്റ്‌സല്ലെന്ന് അടുത്തിടെ അര്‍ജന്റീന നായകനായ മെസി തന്നെ വ്യക്തമാക്കിയിരുന്നു. പി എസ് ജിയിലെ സഹതാരങ്ങളായ നെയ്മറിന്റെ ബ്രസീലിനും കിലിയന്‍ എംബാപ്പാപ്പേയുടെ ഫ്രാന്‍സിനുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഏറ്റവും കൂടുതല്‍ കിരീട സാധ്യത പ്രവചിക്കുന്നത്. ഇംഗ്ലണ്ട്, ജര്‍മ്മനി, സ്‌പെയ്ന്‍ എന്നിവരും ശക്തരായ എതിരാളികളാണ്. എന്നാല്‍ കൂടുതല്‍ കിരീട സാധ്യതയുള്ള ബ്രസീലിനും ഫ്രാന്‍സിനുമാണെന്ന് മെസി പറയുന്നു.
''മികച്ച താരനിരയാണ് രണ്ട് ടീമിലുമുള്ളത്. ദീര്‍ഘകാലമായി ഈ താരങ്ങള്‍ ഒരുമിച്ച് കളിക്കുന്നത് ബ്രസീലിനെയും ഫ്രാന്‍സിനെയും അപകടകാരികളാക്കുന്നു. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഫ്രാന്‍സ് മികച്ച ടീമാണ്. ദീര്‍ഘകാലമായി ഒരു പരിശീലകന് കീഴില്‍ തന്നെ കളിക്കുന്നതിന്റെ ഗുണവും അവര്‍ക്കുണ്ട്. ബ്രസീലും ഏതാണ്ട് അതുപോലെയാണ്.'' മെസി പറഞ്ഞു.