മാറ്റങ്ങളുമായി കേരള സൂപ്പര്‍ ലീഗ്, ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

Published : Sep 24, 2026, 11:47 AM IST
Super League Kerala

Synopsis

ആറ്‌ ടീമുകൾ 35 മത്സരങ്ങളിലായാണ്‌ ഇത്തവണ ഏറ്റുമുട്ടുക. ഒപ്പം ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലും ഇത്തവണത്തെ പ്രത്യേകതയാണ്.

കണ്ണൂർ: സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ് നാളെ കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്റു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കിക്കോഫാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ വാരിയേഴ്സ് റണ്ണറപ്പുകളായ തൃശൂര്‍ മാജിക് എഫ് സിയെ നേരിടും. തൊട്ടടുത്ത ദിവസം 26ന്‌ കോഴിക്കോട്ട്‌ കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ കാലിക്കറ്റ്‌ എഫ്‌സി തിരുവനന്തപുരം കൊമ്പൻസുമായും 27ന്‌ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചി മലപ്പുറം എഫ്‌സിയുമായും ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം രാത്രി ഏഴരയ്‌ക്കാണ്‌. യുണൈറ്റഡ്‌ സ്‌പോർട്‌സ്‌ ചാനലിലും സീ5 ആപ്പിലും മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.കേരളത്തിനു പുറത്തുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിനായി വ്യത്യസ്ത ഭാഷകളിൽ കമന്‍ററി ലഭ്യമാക്കും. ഇത്തവണ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ബംഗാളി ഭാഷയിലും കമന്‍ററിയുണ്ടാകും.

ആറ്‌ ടീമുകൾ 35 മത്സരങ്ങളിലായാണ്‌ ഇത്തവണ ഏറ്റുമുട്ടുക. ഒപ്പം ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലും ഇത്തവണത്തെ പ്രത്യേകതയാണ്. ലീഗ് മത്സരങ്ങള്‍ 90 മിനിറ്റിനുശേഷവും സമനിലയാണെങ്കില്‍ നേരിട്ട് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണ. മത്സരം നിശ്ചിത സമയത്ത് ജയിക്കുന്ന ടീമിന് 3 പോയിന്‍റും ഷൂട്ടൗട്ടില്‍ ജയിക്കുന്ന ടീമിന് 2 പോയിന്‍റും ഷൂട്ടൗട്ടില്‍ തോല്‍ക്കുന്ന ടീമിന് ഒരു പോയിന്‍റുമാകും ലഭിക്കുക. നോക്കൗട്ട് മത്സരങ്ങളില്‍ നിശ്ചിത സമയത്ത് സമനിലയാവുന്ന മത്സരങ്ങളില്‍ പതിവുപോലെ എക്സ്ട്രാ ടൈമും തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടുമുണ്ടാകും.

കാലിക്കറ്റ് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, തൃശൂർ മാജിക് എഫ്സി എന്നീ ആറ് ക്ലബ്ബുകളാണ് സീസൺ 3ൽ മാറ്റുരയ്ക്കുന്നത്. ആറ് ക്ലബ്ബുകളിലുമായി ആകെ 162 താരങ്ങൾ കരാറിലെത്തിയിട്ടുണ്ട്. ഇതില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും മികച്ച യുവ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു. ഒപ്പം ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചര്‍’ പദ്ധതിയുടെ ഭാഗമായ താരങ്ങളും വിവിധ ക്ലബ്ബുകളില്‍ ഇടം നേടിയിട്ടുണ്ട്. ഡിസംബർ 10നാണ്‌ ഫൈനൽ. ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ കൊച്ചിയിലെ മത്സരങ്ങൾ കണക്കിലെടുത്ത്‌ ചെറിയ മാറ്റങ്ങളുണ്ടാകും.

എല്ലാ ടീമുകളും ഹോം-എവേ മത്സരം കളിക്കും. മികച്ച നാല്‌ സ്ഥാനക്കാർ സെമിയിലെത്തും. മത്സരങ്ങളുടെ ആവേശം വര്‍ധിപ്പിക്കുന്നതിനായി ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി ‘സുപ്പര്‍ ലീഗ് കേരള ഷീല്‍ഡ്’ എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഈ സീസണില്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെല്ലാം ആരാധകര്‍ ഏറെ ആസ്വദിച്ച ഹാഫ് ടൈം ഷോ ഈ സീസണിലെ പ്രധാന മത്സരങ്ങളില്‍ തുടരും. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് റാപ്പർ ഡബ്സിയുടെ ഹാഫ് ടൈം ലൈവ് പെർഫോമൻസും ഉണ്ടായിരിക്കും.

ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. ഒരു ടീമിൽ ആറ്‌ വിദേശ താരങ്ങളുണ്ടാകും. കളിക്കാരുമായുള്ള കരാറുകളെല്ലാം പൂർത്തിയായി. ആന്ദ്രെ ചെർണിഷോവ്‌ (റഷ്യ, കണ്ണൂർ), എവെർ ഡിമാൽഡെ (അർജന്റീന, കാലിക്കറ്റ്‌), കരീം ബെഞ്ചറിഫ (മൊറോക്കോ, മലപ്പുറം), ഡേവിഡ്‌ കനെഡ (സ്‌പെയ്‌ൻ, തൃശൂർ), വിറ്റൽ ബോർകെൽമൻസ് (ബൽജിയം, കൊച്ചി), ഇയാൻ ആൻഡ്രു ഗില്ലൻ (സ്‌കോട്‌ലൻഡ്‌, തിരുവനന്തപുരം) എന്നിവരാണ്‌ പരിശീലകർ.

ഇത്തവണ കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് ക്ലബുകൾ കൂടി ലീഗിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഗ്രൗണ്ട് സൗകര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി തൽക്കാലം തത്വത്തിൽ അംഗീകാരമേ നൽകിയിട്ടുള്ളൂ എന്ന് സംഘാടകർ വ്യക്തമാക്കി. കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഗ്രൗണ്ട് വേണമെന്ന നിബന്ധന പാലിച്ച ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നും സംഘാടകർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് വലിയ ലക്ഷ്യങ്ങൾ ഇനിയും ബാക്കി; വിരമിക്കൽ അഭ്യൂഹങ്ങള്‍ തള്ളി കളി തുടരുമെന്ന് വ്യക്തമാക്കി റൊണാൾഡോ
കൊച്ചിയിൽ ഗോൾമഴ, ഇന്ത്യ ഓള്‍ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻഡ്സിന് ആവേശജയം; ഇരട്ടഗോളോടെ തിളങ്ങി സി കെ വിനീത്