സ്‌പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ; റയലിന് എതിരാളി ബാഴ്‌സ

By Web TeamFirst Published Jan 13, 2023, 9:58 AM IST
Highlights

റോബർട്ട് ലെവൻഡോവ്സ്കിയും അൻസു ഫാറ്റിയുമായിരുന്നു ബാഴ്സയുടെ സ്കോറർമാർ

റിയാദ്: സ്‌പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഉറപ്പായി. റയൽ മാഡ്രിഡ് ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ബാഴ്സലോണയെ നേരിടും. ബാഴ്സലോണ സെമിയിൽ റയൽ ബെറ്റിസിനെ തോൽപിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും രണ്ടുഗോൾ വീതം നേടി. റോബർട്ട് ലെവൻഡോവ്സ്കിയും അൻസു ഫാറ്റിയുമായിരുന്നു ബാഴ്സയുടെ സ്കോറർമാർ. നബീൽ ഫെക്കിറും ലോറൻസോ ഗാർസ്യയുമാണ് ബെറ്റിസിനായി ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ബെറ്റിസിന്‍റെ രണ്ട് കിക്കുകൾ തടുത്ത ഗോളി ടെർസ്റ്റഗനാണ് ബാഴ്സയെ രക്ഷിച്ചത്. ഷൂട്ടൗട്ടിൽ ലെവൻഡോവ്സ്കി, കെസ്സി, ഫാറ്റി, പെഡ്രി എന്നിവർ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. 

ആദ്യ സെമിയിൽ വലൻസിയക്കെതിരെ റയലും ഷൂട്ടൗട്ടിലൂടെയാണ് ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 39-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ കരീം ബെൻസേമ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 46-ാം മിനുറ്റില്‍ സാമുവൽ ലിനോ വലൻസിയയെ ഒപ്പമെത്തിച്ചു. ഇതിന് ശേഷം ഇരു ടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്‍റെ ജയം. 

വലൻസിയയുടെ ഏറെ കോമെർട്ടിന്‍റെ കിക്ക് പുറത്തുപോയപ്പോൾ ഹൊസെ ഗയയുടെ കിക്ക് ഗോളി തിബോത് കോർത്വ തടുത്തിട്ടു. ഷൂട്ടൗട്ടിൽ റയലിനായി കരീം ബെൻസേമ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, മാർകോ അസെൻസിയോ എന്നിവർ ലക്ഷ്യം കണ്ടു. റയല്‍ ആറും വലന്‍സിയ മൂന്നും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പായിച്ചു. 59 ശതമാനം ബോള്‍ പൊസിഷനും റയല്‍ ടീമിനുണ്ടായിരുന്നു. 

ചെല്‍സിക്ക് തോല്‍വി, ഫെലിക്‌സിന് ചുവപ്പ് 

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ചെൽസി തോൽവി നേരിട്ടു. ഫുൾഹാം ഒന്നിനെതിരെ രണ്ട് ഗോളിന് ചെൽസിയെ തോൽപിച്ചു. വില്യന്‍റെയും ആൽവസ് മൊറെയ്സിന്‍റേയും ഗോളുകൾക്കാണ് ഫുൾഹാമിന്‍റെ ജയം. കൂളിബാലിയാണ് ചെൽസിയുടെ സ്കോറ‍ർ. ചെൽസിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യാവോ ഫെലിക്സ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. അത്‍ലറ്റിക്കോ മാഡ്രിഡിൽ കഴിഞ്ഞ ദിവസമാണ് യാവോ ഫെലിക്സ് ലോണിൽ ചെൽസിയിലെത്തിയത്. സീസണിലെ ഏഴാം തോൽവിയോടെ 25 പോയിന്‍റുമായി ചെൽസി പത്താം സ്ഥാനത്താണ്. 31 പോയിന്‍റുള്ള ഫുൾഹാം ആറാം സ്ഥാനത്തും.

സ്‌പാനിഷ് സൂപ്പർ കപ്പിൽ റയൽ ഫൈനലിൽ; സ്വപ്‌ന അങ്കം കുറിക്കാന്‍ ബാഴ്‌സ ഇന്നിറങ്ങും

click me!