നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്

റിയാദ്: സ്‌പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഫൈനലിൽ. റയൽ സെമിയിൽ വലൻസിയയെ തോൽപിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ആയിരുന്നു റയലിന്‍റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 39-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ കരീം ബെൻസേമ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 46-ാം മിനുറ്റില്‍ സാമുവൽ ലിനോ വലൻസിയയെ ഒപ്പമെത്തിച്ചു. ഇതിന് ശേഷം ഇരു ടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്‍റെ ജയം. 

വലൻസിയയുടെ ഏറെ കോമെർട്ടിന്‍റെ കിക്ക് പുറത്തുപോയപ്പോൾ ഹൊസെ ഗയയുടെ കിക്ക് ഗോളി തിബോത് കോർത്വ തടുത്തിട്ടു. ഷൂട്ടൗട്ടിൽ റയലിനായി കരീം ബെൻസേമ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, മാർകോ അസെൻസിയോ എന്നിവർ ലക്ഷ്യം കണ്ടു. റയല്‍ ആറും വലന്‍സിയ മൂന്നും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പായിച്ചു. 59 ശതമാനം ബോള്‍ പൊസിഷനും റയല്‍ ടീമിനുണ്ടായിരുന്നു. 

ഫൈനലിൽ റയല്‍ മാഡ്രിഡിന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയിൽ ബാഴ്‌സലോണ രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ റയൽ ബെറ്റിസിനെ നേരിടും. അവസാന മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട ഫെറൻ ടോറസ് ബാഴ്‌സലോണ നിരയിൽ ഉണ്ടാവില്ല. റോബർട്ട് ലെവൻഡോവ്സ്‌കിയും ജോർഡി ആൽബയും ടീമിൽ തിരിച്ചെത്തും. ടെര്‍ സ്റ്റീഗന്‍, കുണ്ടേ, അറോജോ, ക്രിസ്റ്റന്‍സന്‍, ആല്‍ബ, പെഡ്രി, ബുസ്‌കറ്റ്‌സ്, ഡിയോങ്, റഫീഞ്ഞ, ലെവന്‍ഡോവ്‌സ്‌കി, ഡെംബലെ എന്നിവരെയാണ് ബാഴ്സലോണയുടെ ആദ്യ ഇലവനിൽ പ്രതീക്ഷിക്കുന്നത്. റയല്‍-ബാഴ്‌സ സ്വപ്‌ന ഫൈനല്‍ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.