
ലണ്ടൻ: യൂറോപ്യൻ ഫുട്ബോളിന്‍റെ സിംഹാസനത്തിലേക്ക് ആഴ്സണൽ ഒരു ചുവട് കൂടി അടുത്തു. ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പകുതിയില്‍ ബുക്കായോ സാക്കയാണ് ആഴ്സണലിന്‍റെ വിജയഗോള്‍ നേടിയത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൈക്കൽ ആർട്ടെറ്റയുടെ സംഘം വിജയിച്ചത്. ആദ്യ പാദ സെമിയില്‍ മാഡ്രിഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്‍റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യൻസ് ലീഗിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്.
മത്സരത്തിന്‍റെ 41-ാം മിനിറ്റിലായിരുന്നു ബുക്കായോ സാക്കയുടെ വിജയഗോള്‍. ലിയാൻഡ്രോ ട്രൊസാർഡ് തൊടുത്ത ഷോട്ട് അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് തടഞ്ഞെങ്കിലും, പന്ത് പിടിച്ചെടുത്ത സാക്ക ക്ലോസ് റേഞ്ചിലൂടെ വലകുലുക്കി. രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസിലൂടെയും ഗ്രീസ്മാനിലൂടെയും അത്‌ലറ്റിക്കോ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ആഴ്സണലിന്‍റെ പ്രതിരോധ മതിലിൽ തട്ടി അവയെല്ലാം തകർന്നു. ഡെക്ലാൻ റൈസിന്‍റെ തകർപ്പൻ മിഡ്ഫീൽഡ് പ്രകടനവും പ്രതിരോധത്തിൽ സലിബ-ഗബ്രിയേൽ സഖ്യത്തിന്‍റെ കരുത്തും ആഴ്സണലിന് തുണയായി.
മെയ് 30-ന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ഫൈനൽ. ബയേൺ മ്യൂണിക്-പി.എസ്.ജി രണ്ടാംപാദ സെമിയിലെ വിജയികളാകും ഫൈനലില്‍ ആഴ്സണലിന്‍റെ എതിരാളികള്‍. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ തോൽവി അറിയാത്ത ഏക ടീം എന്ന ഖ്യാതിയോടെയാണ് ആഴ്സണൽ ഫൈനലിലെത്തിയത്. 14 മത്സരങ്ങളായി തുടരുന്ന ആഴ്സണലിന്‍റെ അപരാജിത കുതിപ്പ് ക്ലബ്ബിന്‍റെ എക്കാലത്തെയും മികച്ച റെക്കോർഡാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!