2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു

Published : May 01, 2026, 12:03 PM IST
Donald Trump-Iran Football Team

Synopsis

2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ അമേരിക്കയിൽ കളിക്കുന്നതിന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നിലപാടിനെ പിന്തുണച്ച ട്രംപിന്റെ ഈ തീരുമാനത്തോടെ, മറ്റ് വേദികൾ വേണമെന്ന ഇറാന്റെ ആവശ്യം സംബന്ധിച്ച തർക്കങ്ങൾക്ക് വിരാമമായി.

വാഷിംഗ്ടണ്‍: അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട്, 2026ലെ ഫിഫ ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. ഇറാന്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്.

ട്രംപ് പറഞ്ഞതിങ്ങനെ... ''ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.'' ട്രംപ് വ്യാഴാഴ്ച പറഞ്ഞു. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.

ഐക്യത്തിന്റെ സന്ദേശവുമായി ഫിഫ

രാഷ്ട്രീയമായ ഭിന്നതകള്‍ക്കിടയിലും ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കണമെന്ന നിലപാടാണ് ജിയാനി ഇന്‍ഫാന്റിനോ സ്വീകരിച്ചത്. ഫിഫ കോണ്‍ഗ്രസില്‍ സംസാരിക്കവെ അദ്ദേഹം ഇറാന്റെ പങ്കാളിത്തം ഉറപ്പിച്ചു പറഞ്ഞു: 'ഇറാന്‍ 2026 ലോകകപ്പില്‍ പങ്കെടുക്കും, അവര്‍ അമേരിക്കയില്‍ തന്നെ കളിക്കും. ലോകത്തെ ഒന്നിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.' അദ്ദേഹം വ്യക്തമാക്കി.

യാത്രാതടസ്സവും രാഷ്ട്രീയ പിരിമുറുക്കങ്ങളും

കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ വെച്ച് ഇറാനിയന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ക്ക് നേരിടേണ്ടി വന്ന യാത്രാതടസ്സങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മതിയായ വിസ ഉണ്ടായിരുന്നിട്ടും കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ളവര്‍ക്ക് മടങ്ങേണ്ടി വന്നു. അമേരിക്കയും ഇസ്രായേലുമായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അതീവ ജാഗ്രതയോടെയാണ് ഫിഫ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇറാന്‍ ലോകകപ്പ് യോഗ്യത നേടിയത്.

ജൂണ്‍ 16: ഇറാന്‍ - ന്യൂസിലാന്‍ഡ്

ജൂണ്‍ 22: ഇറാന്‍ - ബെല്‍ജിയം

ജൂണ്‍ 27: ഇറാന്‍ - ഈജിപ്ത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്
ഗാങ്ടോക്കിൽ പന്തുതട്ടി പ്രധാനമന്ത്രി; സിക്കിമിലെ യുവതാരങ്ങൾക്കൊപ്പം ഗോളടിച്ചു ഗോളടിപ്പിച്ചും നരേന്ദ്ര മോദി