'ക്ലബില്‍ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണം'; ഡെംബലേയക്ക് ബാഴ്‌സയുടെ അന്ത്യശാസനം

By Web TeamFirst Published Jun 27, 2022, 10:23 AM IST
Highlights

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ പ്രതിഫലം ഉയര്‍ത്താന്‍ ബാഴ്‌സലോണ തയ്യാറല്ല. ഇതുകൊണ്ടുതന്നെ ടീമില്‍ തുടരുമോ ഇല്ലയോ എന്നകാര്യത്തില്‍ ജൂലൈ ഒന്നിന് മുന്‍പ് വ്യക്തമായ മറുപടി നല്‍കണമെന്ന് ഡെംബലേയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണിപ്പോള്‍ ബാഴ്‌സലോണ.

ബാഴ്‌സലോണ: ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലേയ്ക്ക് അന്ത്യശാസനം നല്‍കി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ (Barcelona). ക്ലബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് ബാഴ്‌സലോണയുടെ അന്ത്യശാസനം. ഒസ്മാന്‍ ഡെംബലേയുടെ കാര്യത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് എഫ് സി ബാഴ്‌സലോണ. കോച്ച് സാവിയും (Xavi) ക്ലബ് മാനേജ്‌മെന്റും ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് ഫ്രഞ്ച് വിംഗറായ ഡെംബലേ (Ousmane Dembele). 

എന്നാല്‍ കുറേനാളുകളായി ബാഴ്‌സലോണ നല്‍കിയ ഓഫറുകളൊന്നും ഡെംബലേ സ്വീകരിച്ചിട്ടില്ല. പ്രതിഫലം ഉയര്‍ത്തണമെന്നാണ് ഡെംബലേയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ പ്രതിഫലം ഉയര്‍ത്താന്‍ ബാഴ്‌സലോണ തയ്യാറല്ല. ഇതുകൊണ്ടുതന്നെ ടീമില്‍ തുടരുമോ ഇല്ലയോ എന്നകാര്യത്തില്‍ ജൂലൈ ഒന്നിന് മുന്‍പ് വ്യക്തമായ മറുപടി നല്‍കണമെന്ന് ഡെംബലേയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണിപ്പോള്‍ ബാഴ്‌സലോണ. 

ഡെംബലേയുടെ കാര്യത്തില്‍ വ്യക്തത വന്നാലെ പകരം കണ്ടുവച്ചിരിക്കുന്ന താരങ്ങളുമായി ബാഴ്‌സലോണയ്ക്ക് ചര്‍ച്ച തുടങ്ങാനാവൂ. ലീഡ്‌സ് യുണൈറ്റഡിന്റെ റഫീഞ്ഞ, പി എസ് ജിയുടെ ഏഞ്ചല്‍ ഡി മരിയ എന്നിവരെയാണ് ബാഴ്‌സലോണ ഡെംബേലേയ്ക്ക് പകരം കണ്ടുവച്ചിരിക്കുന്നത്. ജനുവരിയിലെ മിഡ്‌സീസണ്‍ ട്രാന്‍സ്ഫറിലും സമാനസാഹചര്യം ഉണ്ടായിരുന്നു. ബാഴ്‌സലോണയും കോച്ച് സാവിയും അന്ത്യശാസനം നല്‍കിയിട്ടും ഡെംബലേ ടീമില്‍ തുടരുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു. 

ഇതോടെയാണ് ഡെംബലേയെ ടീമില്‍ നിലനിര്‍ത്താന്‍ സാവി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും പ്രതിഫലം ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണിപ്പോഴും ഡെംബലേ. ചെല്‍സിയും പി എസ് ജിയും ബയേണ്‍ മ്യൂണിക്കുമാണ് ഡെംബലേയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള ടീമുകള്‍. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2017ല്‍ ബാഴ്‌ലോണയിലെത്തിയ ഡെംബലേ 12 ഗോളും 20 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
 

click me!