
ഹൂസ്റ്റണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓപ് കോംഗോയ്ക്കെതിരെ പോര്‍ച്ചുഗല്‍ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ താരം തീയറി ഹെന്റി. മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും റൊണാള്‍ഡോ ടീമിനായി കളിക്കുന്നതിന് പകരം സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയാണ് ശ്രമിച്ചതെന്നും, അത് പോര്‍ച്ചുഗലിന് വലിയ തിരിച്ചടിയായെന്നും ഹെന്റി തുറന്നടിച്ചു.
മത്സരത്തിലെ റൊണാള്‍ഡോയുടെ പ്രകടനത്തെ തീയറി ഹെന്റി വിശകലനം ചെയ്തത് ഇങ്ങനെയാണ്... ''റൊണാള്‍ഡോ ഒരു അത്ഭുത പ്രതിഭയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ പ്രായത്തിലും അദ്ദേഹം ടീമിന്റെ വിജയത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വന്തം വ്യക്തിഗത റെക്കോര്‍ഡുകള്‍ക്കാണ്. കളത്തില്‍ മറ്റുള്ളവര്‍ക്ക് പാസ് നല്‍കാന്‍ മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം സ്വയം ഷോട്ടുതിര്‍ക്കാനാണ് ശ്രമിച്ചത്. ഈ സ്വാര്‍ത്ഥത ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ടീമിന് ഒട്ടും ഗുണം ചെയ്യില്ല.'' ഹെന്റി പറഞ്ഞു.
പോര്‍ച്ചുഗല്‍ നിരയില്‍ റാഫേല്‍ ലിയാവോ, ജോവോ ഫെലിക്‌സ് തുടങ്ങിയ മികച്ച യുവ മുന്നേറ്റ നിരക്കാരുണ്ടായിട്ടും റൊണാള്‍ഡോ കളത്തില്‍ നില്‍ക്കുന്നത് അവരുടെ സ്വതന്ത്രമായ കളി ശൈലിയെ ബാധിക്കുന്നുണ്ടെന്നും ഹെന്റി ചൂണ്ടിക്കാണിച്ചു. പന്ത് എപ്പോഴും റൊണാള്‍ഡോയ്ക്ക് തന്നെ നല്‍കണമെന്ന രീതിയിലുള്ള സഹകളിക്കാരുടെ ചിന്ത ടീമിന്റെ സ്വാഭാവിക നീക്കങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് അടുത്ത മത്സരങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാകണമെന്നും, ടീമിന്റെ താല്പര്യങ്ങള്‍ക്കാണ് വ്യക്തികളേക്കാള്‍ സ്ഥാനം നല്‍കേണ്ടതെന്നും ഹെന്റി കൂട്ടിച്ചേര്‍ത്തു.
ആറാം ലോകകപ്പ് കളിക്കുന്ന റൊണാള്‍ഡോയ്ക്ക് ആദ്യ മത്സരത്തില്‍ ഗോള്‍ നേടാനാകാത്തതിന്റെ കടുത്ത നിരാശയുണ്ടായിരുന്നു. അതിനിടയിലാണ് ഫുട്‌ബോള്‍ ലോകത്തുനിന്നും മുന്‍നിര താരങ്ങളുടെ ഇത്തരം കടുത്ത വിമര്‍ശനങ്ങള്‍ കൂടി പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!