ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീന ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് കോച്ച് ലിയോണല്‍ സ്‌കലോണി സൂചന നല്‍കി. റോഡ്രിഗോ ഡി പോളിന് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായേക്കാമെന്നും, ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമിനെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വ്യാപകമായ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി അര്‍ജന്റീന കോച്ച് ലിയോണല്‍ സ്‌കലോണി. മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ജന്റൈന്‍ നിരയിലെ പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോളിന് ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായേക്കില്ല. ഈ ലോകകപ്പിലാദ്യമായി മൂന്ന് പ്രതിരോധ താരങ്ങളുമായി അര്‍ജന്റീന കളിച്ചേക്കും. അങ്ങനെ വന്നാല്‍ നിക്കോളാസ് ഓട്ടോമെന്‍ഡി ടീമിലെത്തും.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് സ്‌കലോണി പറഞ്ഞതിങ്ങനെ... ''ഏറ്റവും മികച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്ന ടീമാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. മുന്‍കാല നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ആരും ആദ്യ ഇലവനില്‍ ഇടം നേടില്ല. ഇപ്പോഴത്തെ പ്രകടനമാണ് നിര്‍ണായകം. എതിരാളിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കാം. അതെന്താണെന്ന് നാളെ കാണാം. ആദ്യ ഇലവന്‍ എന്റെ മനസ്സിലുണ്ട്. എന്നാല്‍ അത് ഇതുവരെ താരങ്ങളോട് പറഞ്ഞിട്ടില്ല. ആദ്യം അറിയേണ്ടത് അവരാണ്. എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍, അത് എതിരാളിയുടെ ശക്തിയെ നിയന്ത്രിക്കാനും അവരുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാനുമായിരിക്കും.'' സ്‌കലോണി പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഞങ്ങളുടെ കൈവശമുള്ള ഏറ്റവും മികച്ച ടീമിനെയാണ് കളത്തിലിറക്കുക. എല്ലാ താരങ്ങളും മികച്ച നിലയിലാണ്. ഇത് ഒരു ഫുട്‌ബോള്‍ മത്സരം മാത്രമാണ്. അതിനേക്കാള്‍ വലിയ ഒന്നായി ഇതിനെ കാണേണ്ട കാര്യമില്ല. പക്ഷേ ഇത് ലോകകപ്പ് സെമിഫൈനലാണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും താരങ്ങള്‍ക്കറിയാം. കഷ്ടപ്പെടാതെയും പോരാടാതെയും ഒരു ലോകകപ്പ് സെമിഫൈനലിലെത്താന്‍ കഴിയില്ല. വീണ്ടും ഒരു ലോകകപ്പ് സെമിഫൈനലിലേക്ക് ഞങ്ങളെ എത്തിച്ച ഈ താരങ്ങളോട് എനിക്ക് അതിയായ നന്ദിയുണ്ട്. ഒരിക്കല്‍ കൂടി ലോകത്തിലെ മികച്ച ടീമുകള്‍ക്കിടയില്‍ നാം ഇടം നേടിയിരിക്കുന്നു. ഇവിടെ എത്തിയിട്ടുണ്ടെങ്കില്‍, അതിന് കാരണം നമ്മള്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്തതുകൊണ്ടാണ്.'' സ്‌കലോണി പറഞ്ഞു.

രണ്ട് മത്സരങ്ങളും ഒരിക്കലും ഒരുപോലെയാകില്ലെന്നും കഴിഞ്ഞ മത്സരത്തില്‍ മെച്ചപ്പെടുത്തേണ്ടതായി തോന്നിയ മേഖലകളില്‍ ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ''അവര്‍ക്കൊപ്പം മികച്ച താരങ്ങളുണ്ട്. അവരുടെ ശക്തിയെ പരമാവധി നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഫൈനലിലെത്തുക എന്ന ലക്ഷ്യത്തോടെ കളിക്കളത്തില്‍ ഞങ്ങളുടെ അവസാന തുള്ളി വിയര്‍പ്പും ഞങ്ങള്‍ ഒഴുക്കും.'' സ്‌കലോണി പറഞ്ഞുനിര്‍ത്തി.

YouTube video player