സിറ്റി ജയിച്ചു, എന്നിട്ടും ടോട്ടനം സെമിയിൽ: ഇത്തിഹാദിൽ കണ്ടത് തീപാറിയ പോരാട്ടം

By Web TeamFirst Published Apr 18, 2019, 3:44 AM IST
Highlights

എക്സ്ട്രാ ടൈമിൽ സിറ്റി സെമിയിലേക്ക് എന്ന് കരുതി ആർത്തലച്ച കാണികളുടെ ആനന്ദത്തിന് അധികം ആയുസുണ്ടായിരുന്നില്ല

ലണ്ടന്‍: ഒന്നിന് പുറകെ ഒന്നായി പിറന്ന ഏഴു ഗോളുകള്‍. എക്‌സ്ട്രാ ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെമിയിലേക്കുള്ള ഗോള്‍ വന്നിട്ടും നിർഭാഗ്യം അവരുടെ തലയ്ക്ക് മുകളിൽ തന്നെ പതിച്ച നിമിഷം. എവേ ഗോളിന്റെ മികവിൽ ടോട്ടനം ചാംപ്യൻസ് ലീഗിന്റെ സെമിയിലേക്ക് നടന്നുകയറുന്നത് അതിനാടകീയ രംഗങ്ങൾ അരങ്ങേറിയ മത്സരത്തിനൊടുവിലാണ്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദത്തില്‍ 4-3ന് സിറ്റി വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 വരികയായിരുന്നു.

സിറ്റിയെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ അട്ടിമറിച്ചാണ് ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിൽ കളം ഉറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ടോട്ടനം 1-0ത്തിന് വിജയിച്ചിരുന്നു. 

ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നിന്റെ ഇരട്ട ഗോളാണ് ടോട്ടനത്തിന് വിജയമൊരുക്കിയത്. ആദ്യ പാദത്തിലും ടോട്ടനത്തിന്റെ വിജയഗോള്‍ സണ്‍ ഹ്യൂങ് മിന്നിൽ നിന്ന് തന്നെയായിരുന്നു.  രണ്ടാം പദത്തില്‍ ഫെര്‍ണാണ്ടോ യൊറെന്റെയാണ് ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി റഹീം സ്‌റ്റെര്‍ലിങ് രണ്ടും, ബെര്‍ണാഡോ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവർ ഓരോ ഗോളും നേടി.

കളിയുടെ ആദ്യ 11 മിനിറ്റിനുള്ളില്‍ അടിയും തിരിച്ചടിയുമായി  നാല് ഗോളുകള്‍ പിറന്നത് ആരാധകരെ ആവേശത്തിലാക്കി. നാലാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. ഡിബ്രുയിന്റെ അതിമനോഹരമായ പാസ്സിനെ യാതൊരു പിഴവും കൂടാതെ സ്റ്റെര്‍ലിങ് വലയിലാക്കുകയായിരുന്നു. ആ സന്തോഷത്തിന് പക്ഷെ അധികം ആയുസ്സില്ലായിരുന്നു. ഏഴാം മിനിറ്റിൽ ടോട്ടനം ഗോൾ മടക്കി. സണ്‍ ഹ്യൂങ് മിന്നിലൂടെയായിരുന്നു ടോട്ടനത്തിന്റെ മറുപടി.

എന്നാൽ അവിടെ നിർത്തിയില്ല മിൻ. പന്ത് ബോക്സിന്റെ വലത് മൂലയിൽ നിക്ഷേപിച്ച് ടോട്ടനത്തെ മുന്നിലെത്തിച്ചു മിൻ. പത്താം മിനിറ്റിലായിരുന്നു ഈ ഗോൾ. പക്ഷെ ഈ ഗോളിനും അധികം ആയുസ്സുണ്ടായില്ല. സിൽവയിലൂടെ സിറ്റി സമനില പിടിച്ചു. 11-ാം മിനിറ്റില്‍ മത്സരം 2-2 എന്ന നിലയിലായി.

റഹീം സ്റ്റെര്‍ലിങ് 21ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ സിറ്റി തങ്ങളുടെ ലീഡുയർത്തി. ഡിബ്രുയിന്റെ പാസ്സിൽ നിന്നാണ് ഈ ഗോൾ പിറന്നത്. മത്സരം രണ്ടാം പകുതിയിലെത്തിയപ്പോഴും സെമിയിലേക്ക് എന്ത് വില കൊടുത്തും കയറുകയെന്ന ലക്ഷ്യത്തിലായിരുന്നു സിറ്റി.   59-ാം മിനിറ്റില്‍ അത് ഒന്നുകൂടി വ്യക്തമായി. സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ നാലാം ഗോള്‍ നേടിയത്. ഗോളിനുള്ള പാസിലൂടെ ഡി ബ്രുയിൻ ഇവിടെയും താരമായി.

എന്നാൽ സിറ്റിയുടെ പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു കാര്യങ്ങൾ. 73-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ യൊറെന്റെയിലൂടെ ടോട്ടനം മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 എന്ന നിലയിലായി. ഒരു ഗോള്‍ കൂടി കണ്ടെത്താനുള്ള സിറ്റിയുടെ ശ്രമങ്ങൾ ടോട്ടനം ധീരമായി ചെറുത്തുനിന്നു. എക്സ്ട്രാ ടൈമില്‍ സ്റ്റെര്‍ലിങ് ഒരു ഗോൾ കൂടി അടിച്ചു. ഇത്തിഹാദ് സ്‌റ്റേഡിയത്തിന്റെ ഗാലറി ഇളകിമറിഞ്ഞു. പക്ഷെ ടോട്ടനം വിട്ടുകൊടുത്തില്ല. വിഎആർ വേണമെന്ന് ടോട്ടനം ആവശ്യപ്പെട്ടു. വിഎആറിൽ ഗോള്‍ ഓഫ് സൈഡ് ആണെന്ന് വിധി വന്നു. ഇതോടെ കളി ജയിച്ചിട്ടും സിറ്റി പുറത്തേക്കും ടോട്ടനം സെമിയിലേക്കും പ്രവേശിച്ചു.

click me!