ടോട്ടനം താരം സോന്‍ ഹ്യൂങ് മിന്‍ ഇനി പട്ടാള വേഷത്തില്‍

By Web TeamFirst Published Apr 7, 2020, 10:51 AM IST
Highlights

മാര്‍ച്ച് അവസാനവാരം ദക്ഷിണകൊറിയയില്‍ തിരിച്ചെത്തിയ ഹ്യൂങ് മിന്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. ഈ മാസം അവസാനത്തോടെയാകും ഹ്യൂങ് മിന്‍ സൈന്യത്തിനൊപ്പം ചേരുക

ലണ്ടന്‍: ടോട്ടനം താരം സോന്‍ ഹ്യൂങ് മിന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിനൊപ്പം ചേരും. നിര്‍ബന്ധിത സൈനിക സേവനത്തിനായി താരം ചേരുമെന്ന് ടോട്ടനം ക്ലബ്ബ് അറിയിച്ചു. ഒരു മാസം തെക്കന്‍ കൊറിയയിലെ ജെജുവിലാകും താരം സൈനികസേവനം നടത്തുക. 

മാര്‍ച്ച് അവസാനവാരം ദക്ഷിണകൊറിയയില്‍ തിരിച്ചെത്തിയ ഹ്യൂങ് മിന്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. ഈ മാസം അവസാനത്തോടെയാകും ഹ്യൂങ് മിന്‍ സൈന്യത്തിനൊപ്പം ചേരുക. ഫെബ്രുവരിയില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ലിന് പൊട്ടലുണ്ടായ ഹ്യൂങ് മിന്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടോട്ടനത്തിനായി കളിക്കാനിറങ്ങിയിരുന്നില്ല.

പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ് ടോട്ടനം ഇപ്പോള്‍. സൈനിക സേവനത്തിനുശേഷം ഹ്യൂങ് മിന്‍ മെയ് അവസാനവാരം ക്ലബ്ബില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

നേരത്തെ 2018ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിൽ സ്വര്‍ണം നേടിയപ്പോള്‍ സോന് 21 മാസത്തെ സൈനിക സേവനം ഇളവ് ചെയ്തുകൊടുത്തിരുന്നു. കൊവിഡ് കാരണം ഇംഗ്ലഷ് പ്രീമിയര്‍ മത്സരങ്ങള്‍  അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

click me!