ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം

Published : Jan 22, 2026, 03:12 PM IST
Travancore royals

Synopsis

ജില്ലാ യൂത്ത് ലീഗില്‍ ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബ് ചരിത്രനേട്ടം കുറിച്ചു. അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17 വിഭാഗങ്ങളില്‍ ഒരേസമയം കിരീടം നേടി 'ട്രിപ്പിള്‍' വിജയം സ്വന്തമാക്കിയ ക്ലബ്, കേരള സ്റ്റേറ്റ് യൂത്ത് ലീഗിലേക്ക് യോഗ്യത നേടി. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ യൂത്ത് ലീഗ് മത്സരങ്ങളില്‍ ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17 എന്നീ മൂന്ന് യൂത്ത് വിഭാഗങ്ങളിലും ഒരേ സീസണില്‍ കിരീടം സ്വന്തമാക്കി ട്രാവന്‍കൂര്‍ റോയല്‍സ് ''ട്രിപ്പിള്‍'' വിജയം കുറിച്ചു. 15 ടീമുകള്‍ പങ്കെടുത്ത അണ്ടര്‍ 13 വിഭാഗം ഫൈനലില്‍, ശക്തരായ എസ് ബി എഫ് എ പൂവാര്‍ ടീമിനെ പരാജയപ്പെടുത്തിയാണ് ട്രാവന്‍കൂര്‍ റോയല്‍സ് ചാമ്പ്യന്മാരായത്.

18 ടീമുകള്‍ മാറ്റുരച്ച അണ്ടര്‍ 15 വിഭാഗത്തിലും, 9 ടീമുകള്‍ പങ്കെടുത്ത അണ്ടര്‍ 17 വിഭാഗത്തിലും, ശക്തരായ കേരള ടൈഗേഴ്‌സ് ടീമിനെ കീഴടക്കിയാണ് റോയല്‍സ് കപ്പ് ഉയര്‍ത്തിയത്. സമീപകാലങ്ങളില്‍ തിരുവനന്തപുരം ഫുട്‌ബോളില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള നേട്ടമാണ് ഒരേ സീസണില്‍ മൂന്ന് യൂത്ത് വിഭാഗങ്ങളിലും കിരീടം നേടുക എന്നത്. ഈ വിജയം, ജില്ലയിലെ യുവ ഫുട്‌ബോള്‍ വികസനത്തില്‍ ട്രാവന്‍കൂര്‍ റോയല്‍സ് കൈവരിച്ച സ്ഥിരതയുള്ള മുന്നേറ്റത്തിന്റെയും ശാസ്ത്രീയ പരിശീലന സംവിധാനത്തിന്റെയും വ്യക്തമായ തെളിവാണ്.

ഇന്ത്യയിലെ ആദ്യത്തെ 100% ആരാധകരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ക്ലബ് എന്ന പ്രത്യേകതയുള്ള ട്രാവന്‍കൂര്‍ റോയല്‍സ്, ''നമ്മുടെ ക്ലബ്' എന്ന ആശയത്തിലൂടെ സമൂഹപങ്കാളിത്തവും പ്രാദേശിക പ്രതിഭകളുടെ വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. അക്കാദമി തലത്തില്‍ മികച്ച കോച്ചിംഗ്, ഫിസിയോ സപ്പോര്‍ട്ട്, ടാക്റ്റിക്കല്‍ ട്രെയിനിംഗ്, മാനസിക ശക്തി വളര്‍ത്തല്‍ എന്നിവക്ക് ക്ലബ് വലിയ പ്രാധാന്യം നല്‍കുന്നു.

ഈ നേട്ടത്തോടെ കേരള സ്റ്റേറ്റ് യൂത്ത് ലീഗിലേക്കുള്ള യോഗ്യതയും ട്രാവന്‍കൂര്‍ റോയല്‍സ് ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ഫുട്‌ബോളിന്റെ ഭാവിയെ ശക്തിപ്പെടുത്തുന്ന ഈ വിജയം, കളിക്കാര്‍ക്കും പരിശീലകര്‍ക്കും മാനേജ്‌മെന്റിനും ക്ലബിന്റെ ആരാധകരായ സഹ-ഉടമകള്‍ക്കും സമര്‍പ്പിക്കുന്നതായി ക്ലബ് അധികൃതര്‍ അറിയിച്ചു. യുവ ഫുട്‌ബോളിലെ സ്ഥിരതയും ദീര്‍ഘകാല ദര്‍ശനവും വിജയത്തിലേക്ക് നയിക്കുന്നുവെന്നതിന്റെ ശക്തമായ ഉദാഹരണമാണ് ട്രാവന്‍കൂര്‍ റോയല്‍സിന്റെ ഈ 'ട്രിപ്പിള്‍' നേട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ
'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്