
പാരീസ്: ചാമ്പ്യൻസ് ലീഗ്(UCL 2021-22) ഫുട്ബോള്‍ ചാമ്പ്യൻമാരെ നാളെ അറിയാം. ലിവർപൂളും റയൽ മാഡ്രിഡും(Liverpool vs Real Madrid) തമ്മിലാണ് ഫൈനൽ. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ക്രെസ്തോവ്സ്കി സ്റ്റേഡിയത്തിലായിരുന്നു(Krestovsky Stadium) ഫൈനൽ നടക്കേണ്ടിയിരുന്നത്. യുക്രൈയ്ൻ യുദ്ധമാണ് വേദി പാരീസിലേക്ക് മാറ്റിയത്. പാരീസിലെ സെയ്ന്റ് ഡെനിസ് സ്റ്റേഡിയം(Stade de France) യൂറോപ്പിലെ ഏറ്റവും വലിയ മൈതാനങ്ങളിലൊന്നാണ്. എൺപതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളാനാകും സ്റ്റേഡിയത്തിന്. 1998ലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ, 2016ലെ യൂറോ കപ്പ് ഫൈനൽ, 2000ലും 2006ലും ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നിങ്ങനെ കലാശപ്പോരാട്ടത്തിന്റെ ആവേശം വാനോളമുയരുന്നത് കണ്ടുശീലമുണ്ട് ഈ സ്റ്റേഡിയത്തിന്.
കരുതലിന്‍റെ, ചേര്‍ത്തുപിടിക്കലിന്‍റെ ഫുട്ബോള്‍
ഒരു യുദ്ധം മാറ്റിയെത്തിച്ച വേദിയിൽ ഉരുളുന്ന പന്ത് വിളിച്ചുപറയുന്നത് സമാധാനത്തിന്റെ സന്ദേശമാണ്. ലോകത്തോട് സമാധാനത്തിന്റെ മഹിമ വിളിച്ചുപറയുന്നതിന് ഫുട്ബോളിന്റെ വേദിയേക്കാൾ വലിയ ഒന്ന് വേറെ എന്തെന്ന് ആലോചിച്ചാണ് ആഡിഡാസ് പന്ത് രൂപകൽപന ചെയ്തത്. വിപണിയിൽ ഇതുപോലൊരു പന്ത് ലഭ്യമാകില്ല. മറിച്ച് മത്സരത്തിനുപയോഗിച്ച പന്ത് പിന്നീട് ലേലത്തിൽ വെക്കാനാണ് തീരുമാനം. കിട്ടുന്ന പണം ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിക്ക് നൽകും. അവരത് പ്രക്ഷോഭങ്ങളിലും കലാപങ്ങളിലും നിന്ന് പലായനം ചെയ്യുന്നവരെ സഹായിക്കാനും സംരക്ഷിക്കാനും ഉപയോഗിക്കും. പാരീസ് സ്റ്റേഡിയത്തിൽ നിന്ന് ഉയരുക മത്സരാവേശം മാത്രമല്ല മറിച്ച് കരുതലിന്റെയും ചേർത്തുപിടിക്കലിന്റേയും ഊർജം കൂടിയാവും എന്നർത്ഥം.
കണക്കില്‍ ആര്?
73.5 സെമി നീളവും ഏഴരക്കിലോ തൂക്കവും വരുന്നതാണ് ചാമ്പ്യൻസ് ലീഗ് ട്രോഫി. ശിൽപചാതുരി കേമമൊന്നുമല്ല, പക്ഷേ അപ്പോഴും ഫുട്ബോൾ കളിക്കുന്ന എല്ലാവരും ഒന്ന് കയ്യിലേന്തണം എന്ന് വിചാരിക്കുന്ന ട്രോഫിയെന്ന് രൂപകൽപന ചെയ്ത യൂർഗ് സ്റ്റെഡൽമാൻ നൽകിയ വിശേഷണം. ഇക്കുറി അത് കയ്യിലേന്താൻ അവസരം തേടുന്ന രണ്ട് ടീമും മുമ്പും അതു ചെയ്തിട്ടുള്ളവരാണ്. ലിവർപൂൾ ആറുതവണ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായിട്ടുണ്ട്. റയൽ മാഡ്രിഡ് പതിമൂന്ന് തവണയും. 1981ൽ, പിന്നെ 2018ൽ അതിനുശേഷം ഇക്കൊല്ലം, മൂന്നാംതവണയാണ് രണ്ട് ടീമും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുന്നത്.
പതിമൂന്നാം കിരീടം റയൽ മാഡ്രിഡ് നേടിയത് ലിവർപൂളിനെ തോൽപിച്ചാണ്. ഇക്കുറി അതിന് പകരം വീട്ടാനായാൽ ലിവർപൂളിന് ഏഴാംകിരീടം. ഒപ്പം എ സി മിലാന്റെ കിരീടനേട്ടത്തിനൊപ്പമെത്താം. മൊത്തം കിരീടനേട്ട പട്ടികയിൽ രണ്ടാംസ്ഥാനക്കാരാകാം. സെമിയിൽ വില്ലാറയലിനെ തോൽപിച്ചാണ് ലിവർപൂൾ ഫൈനലിൽ എത്തിയത്. പിന്നിൽ നിന്ന് ശേഷമാണ് ടീം തിരിച്ചെത്തിയതും ഫൈനൽ ബർത്ത് ഉറപ്പാക്കിയതും. റയൽ മാഡ്രിഡും അങ്ങനെതന്നെ. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചത് തികച്ചും അവിശ്വസനീയമായിട്ടായിരുന്നു. അവസാനനിമിഷങ്ങളിൽ തിരിച്ചടിച്ച്. അതിന് മുമ്പ് ക്വാർട്ടറിലും പ്രീക്വാർട്ടറിലും ടീം ജയിച്ചുകയറിയതും അവസാനനിമിഷങ്ങളിലാണ്. പിഎസ്ജിക്കും ചെൽസിക്കും എതിരെ പിന്നിൽ നിന്നാണ് കയറിവന്നത്. തിരിച്ചുവരവുകളുടെ അവിശ്വസനീയതയും ആവേശവും ഫൈനലിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ട് ടീമുകളുടേയും ആരാധകർ.
മാസ്സാണ് ലിവർപൂൾ
ലിവർപൂൾ ഈ സീസണിൽ ആകെ ഒരു കളിയിലേ തോറ്റിട്ടുള്ളൂ. ആറ് ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചു. ക്വാർട്ടർഫൈനൽ ആദ്യപാദത്തിൽ ബെൻഫിക്കയെ 3-1ന് തോൽപിച്ചു. രണ്ടാംപാദം സമനിലയിലായി. സെമിയിൽ ആദ്യപാതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് ഫൈനൽ ഉറപ്പാക്കി. ഒപ്പം രണ്ട് നേട്ടങ്ങളും. ടീമിന്റെ പത്താമത്തെ ഫൈനൽ. ഒരേ സീസണിൽ എഫ്എ കപ്പിലും ലീഗ് കപ്പിലും ചാമ്പ്യൻസ് ലീഗിലും ഫൈനലിലെത്തുന്ന ആദ്യത്തെ ഇംഗ്ലീഷ് ക്ലബുമായി ലിവർപൂൾ.
റയലിന്‍റെ കുതിപ്പാണ് കുതിപ്പ്
റയൽമാഡ്രിഡ് ആരാധകരെ ഞെട്ടിച്ച ഒരു മത്സരമുണ്ടായിരുന്നു ഗ്രൂപ്പ് തലത്തിൽ. എഫ്‌സി ഷെറീഫിനോട് 2-1ന് തോറ്റു. ആ ക്ഷീണം ബാക്കിയെല്ലാ മത്സരവും ജയിച്ചെങ്കിലും മാറിയില്ല. പ്രീക്വാർട്ടറിൽ പിഎസ്‌ജി തോൽപ്പിച്ചു എന്നുറപ്പായിരിക്കെ കരീം ബെൻസെമയുടെ ഹാട്രിക്ക് മത്സരത്തിൽ തിരിച്ചെത്തിച്ചു, ജയിപ്പിച്ചു. സെമിയിൽ കാത്തുനിന്നത് ചെൽസി. കഴിഞ്ഞ സീസൺ സെമിയിൽ തോൽപിച്ചവരോട് മാഡ്രിഡിന്റെ മധുരപ്രതികാരം. പിന്നിൽനിന്ന ശേഷം തിരിച്ചെത്തി. വിജയശിൽപിയായത് വീണ്ടും ബെൻസെമ. കൂട്ടിനുണ്ടായിരുന്നത് റോഡ്രിഗോ. സെമിയിലും രണ്ടുപേരും ടീമിനെ ജയിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള സെമി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ക്ലാസിക് മത്സരങ്ങളിലൊന്നായി ചരിത്രത്തിൽ. നിശ്ചിതസമയം തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ റോഡ്രിഗോ രണ്ട് ഗോളടിച്ചു ടീമിനെ ഒപ്പമെത്തിച്ചു. അധികസമയത്തെ പെനാൽറ്റിയിലൂടെ ബെൻസെമ ടീമിനെ ഫൈനലിലും എത്തിച്ചു.
കണക്ക് തീര്‍ക്കാന്‍ സലാ
2018ലെ ഒരു കണക്ക് തീർക്കാൻ കാത്തിരിക്കുകയാണ് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ. അന്ന് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ടാക്കിളിൽ പരിക്ക് പറ്റി സലാ കളിയുടെ ആദ്യപകുതിയിൽ കളം വിട്ടിരുന്നു. പിന്നാലെ ലിവർപൂൾ 3-1ന് തോൽക്കുകയും ചെയ്തു. ഫൈനലിൽ എതിരാളികൾ മാഡ്രിഡ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ സലായുടെ ആദ്യപരാമർശവും അതായിരുന്നു. 2017-18 സീസൺ മുതലിങ്ങോട്ട് നോക്കിയാൽ ലിവർപൂളിന് വേണ്ടി 33 ഗോളടിച്ച സലാ 11 ഗോളിന് അസിസ്റ്റും ചെയ്തു. സലായുടെ വെല്ലുവിളി നേരിടാൻ മുന്നിൽ നിൽക്കുന്ന ബെൻസെമയുടെ നേട്ടങ്ങളും ചില്ലറയല്ല. ചാമ്പ്യൻസ് ലീഗിൽ രണ്ട് പാദം ക്വാർട്ടറിലും സെമിയിലും ഗോളടിച്ച നാലാമത്തെ മാത്രം താരമാണ് ബെൻസെമ. ഈ സീസണിൽ ഇതുവരെ 15 ഗോളടിച്ചു ഫ്രഞ്ച് താരം. നേട്ടത്തിൽ മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം. (2013-14 സീസണിൽ സിആര്‍7 വകയുള്ളത് 17 ഗോൾ). വില്ലാറയലിന് എതിരെ രണ്ടാംപാദത്തിൽ നേടിയ ഗോളോടെ സാദിയോ മാനേയും ചാമ്പ്യൻസ് ലീഗ് ചരിത്രപുസ്തകത്തിൽ സ്വന്തം പേരുചേർത്തു. ആകെ 15 ഗോളുമായി നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും ഗോളടിക്കുന്ന ആഫ്രിക്കൻ താരമായി സെനഗലിൽ നിന്നുള്ള മാനേ. തിരുത്തിയത് ചെൽസിയുടെ ദിദിയർ ദ്രോഗ്ബ കുറിച്ച റെക്കോഡ്(14).
റോഡ്രിഗോ- നോക്കിവച്ചോ ഈ പയ്യനെ
റോഡ്രിഗോ ആണ് പിന്നെ ടൂർണമെന്റ് ശ്രദ്ധിച്ച താരം. കളി തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ടീമിന് ജീവശ്വാസം നൽകിയ ഗോളുകൾ മാത്രം മതി റോഡ്രിഗോയുടെ പേരിന് തിളക്കം കൂട്ടാൻ. സെമിയിൽ ടീമിനെ ഒപ്പമെത്തിച്ച രണ്ടാമത്തെ ഗോൾ സ്വന്തം നാടിന്റെ പേരിലൊരു റെക്കോഡെഴുതിച്ചേർക്കാനും റോഡ്രിഗോക്ക് അവസരമായി. ചാമ്പ്യൻസ് ലീഗിൽ ഒരു ബ്രസീൽ താരം നേടുന്ന ആയിരാമത്തെ ഗോളായിരുന്നു അത്.
കോടികൾ വാരിയെറിഞ്ഞ് ക്ലബുകൾ സ്വന്തമാക്കിയ സൂപ്പർതാരങ്ങളുടെ മാത്രം മത്സരമല്ല വരാനിരിക്കുന്നത്. സൂപ്പർ കോച്ചുമാരുടേത് കൂടിയാണ്. റയലിന്റെ കാർലോ ആൻസെലോറ്റിക്ക് ഇത് അഞ്ചാമത്തെ ഫൈനൽ ആണ്. റയലിനൊപ്പം മൂന്നാമത്തേത്. ഇങ്ങനെയൊരു അഭിമാനനേട്ടം മറ്റൊരു കോച്ചിനും അവകാശപ്പെടാനില്ല. യുർഗെൻ ക്ലോപ്പും മോശമല്ല. ക്ലോപ്പിനൊപ്പം ലിവർപൂൾ ഇത് മൂന്നാംതവണയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. കൊവിഡിന്‍റെ നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ആർത്തിരമ്പുന്ന സ്റ്റേഡിയത്തിൽ സൂപ്പർ താരങ്ങളും സൂപ്പർ കോച്ചുകളും സൂപ്പർ തന്ത്രങ്ങളും...ഫൈനൽ ഡബിൾ ജോർ ആകുമെന്നുറപ്പ്.
'പിഎസ്ജി വിട്ട് എങ്ങോട്ടേക്കുമില്ല'; ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ താരം നെയ്മര്‍