UCL: ഇന്നും തീപാറും; ലിവർപൂളിന് ആൻഫീൽഡിൽ ഷോക്ക് നല്‍കുമോ വിയ്യാറയല്‍; രാത്രി അറിയാം

By Web TeamFirst Published Apr 27, 2022, 12:43 PM IST
Highlights

ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ലിവർപൂളിന് അമിത ആത്മവിശ്വാസമില്ല

ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് (UEFA Champions League) ഫുട്ബോളിന്‍റെ ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ (Liverpool vs Villarreal) നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിന്‍റെ മൈതാനത്താണ് (Anfield) മത്സരം.

ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ലിവർപൂളിന് അമിത ആത്മവിശ്വാസമില്ല. മുൻ ചാമ്പ്യൻമാരായ യുവൻറസിനെയും ബയേൺ മ്യൂണിക്കിനെയും വീഴ്ത്തിയെത്തുന്ന വിയ്യാറയലാണ് എതിരാളികളായി മുന്നിലുള്ളത്. ഗോളിനായി വീണുകിട്ടുന്ന അവസരത്തിനായി കാത്തിരിക്കുകയും എങ്ങനെയും ഗോൾവഴങ്ങാതിരിക്കുകയുമാണ് വിയ്യാറയൽ കോച്ച് യുനായ് എമറിയുടെ ശൈലി. സ്പാനിഷ് കോട്ട പിളർത്തി എവേ മത്സരത്തിന് മുൻപേ നിലഭദ്രമാക്കുകയാണ് ലിവർപൂളിൻറെ ലക്ഷ്യം. 

മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് ത്രയത്തിന് ഏത് പ്രതിരോധവും മറികടക്കാനാവുമെന്നാണ് കോച്ച് യൂർഗൻ ക്ലോപ്പിൻറെ പ്രതീക്ഷ, പ്രത്യേകിച്ചും ആൻഫീൽഡിൽ. മധ്യനിരയിൽ ഹെൻഡഡേഴ്സൺ, ഫാബീഞ്ഞോ, തിയാഗോ അൽകൻറാര എന്നിവർ എന്നും എപ്പോഴും വിശ്വസ്തർ. ഗോൾ പോസ്റ്റിന് മുന്നിൽ അലിസൺ ബെക്കർ അണിനിരക്കുമ്പോള്‍ വിശ്വാസ്യത കൂടും. വിയ്യാറയൽ മുന്നേറ്റങ്ങൾ നിഷ്പ്രഭമാക്കാൻ അണിനിരക്കുക ട്രെൻറ് അലക്സാണ്ടർ അർനോൾഡ്, ഇബ്രാഹിമ കോനാറ്റേ, വിർജിൽ വാൻഡൈക്ക്, ആൻഡി റോബർട്സൺ എന്നിവരാകും. റോബർട്ടോ ഫിർമിനോ പരിക്കിൻറെ പിടിയിലാണെങ്കിലും ലിവർപൂളിൻറ റിസർവ് നിരയും സുശക്തം. 

അതേസമയം ജെറാർഡ് മൊറേനോ, അൽബർട്ടോ മൊറേനോ എന്നിവരുടെ അഭാവം വിയ്യാറയലിന് തിരിച്ചടിയാവും. ഇരുടീമും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണിത്. 2016ൽ യൂറോപ്പ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ലിവർപൂളിനും വിയ്യാറയലിനും ഓരോ ജയമായിരുന്നു ഫലം.

ഏഴടിമേളം! ഇത്തിഹാദില്‍ ഗോള്‍മഴ; ഒടുവില്‍ റയലിന് മേല്‍ സിറ്റിയുടെ ജയഭേരി
 

click me!