
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് (UEFA Champions League) ക്വാര്‍ട്ടില്‍ റയല്‍ മാഡ്രിഡ്- ചെല്‍സി മത്സരം. ശക്തരുടെ മറ്റൊരു പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City), സ്പാനിഷ് ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂനിച്ചിനും താരതമ്യേന കുഞ്ഞന്‍ എതിരാളികളെയാണ് ലഭിച്ചത്.
ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ നേരിടും. ബയേണ്‍ സ്പാനിഷ് വിയ്യാറയലിനെ നേരിടും. ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യപാദ മത്സരങ്ങള്‍. ബയേണിനും ലിവര്‍പൂളിനും അത്‌ലറ്റികോയ്ക്കും റയലിനും ആദ്യം എവേ മത്സരങ്ങളാണ്.
കഴിഞ്ഞ തവണ സെമയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചായിരുന്നു നിലവിലെ ചാംപ്യന്മാരായ ചെല്‍സിയുടെ ഫൈനല്‍ പ്രവേശനം. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. അതിന്റെ പകരം ചോദിക്കാനുണ്ട് റയലിന്. ഇത്തവണ ശക്തരായ പിഎസ്ജിയെ 3-2ന് തകര്‍ത്താണ് റയല്‍ അവസാന എട്ടിലെത്തിയത്. ചെല്‍സി ഇരുപാദങ്ങളിലുമായി ഫ്രഞ്ച് ക്ലബ് ലില്ലയെ തോല്‍പ്പിച്ചു.
ഡിയേഗോ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡിന് ഒരിക്കല്‍കൂടി മാഞ്ചസ്റ്ററിലേക്ക് പറക്കണം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചെത്തിയ അത്‌ലറ്റികോയ്ക്ക് ഇനി നേരിടേട്ടത് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. സ്‌പോര്‍ട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. അത്‌ലറ്റികോ ഇരുപാദങ്ങളിലുമായി 1-2ന് യുനൈറ്റഡിനെ തോല്‍പ്പിച്ചു.
ആര്‍ബി സാല്‍സ്ബര്‍ഗിനെ 8-2ന് തകര്‍ത്താണ് ബയേണിന്റെ വരവ്. ഇറ്റാലിയന്‍ ടീം യുവന്റസിനെ തോല്‍പ്പിച്ചെത്തിയ വിയ്യാറയല്‍ എങ്ങനെ ബയേണിനെ പിടിച്ചുകെട്ടുമെന്ന് കണ്ടറിയണം. ലിവര്‍പൂളിന് പ്രീക്വാര്‍ട്ടര്‍ എത്ര എളുപ്പമല്ലായിരുന്നു. ഇന്റര്‍മിലാന്റെ കടുത്ത വെല്ലുവിളി മറികടക്കേണ്ടി വന്നു.
ഇരുപാദങ്ങളിലുമായി 2-1നായിരുന്നു ലിവര്‍പൂളിന്റെ ജയം. എതിരാളികളായെത്തുന്ന ബെനഫിക്ക അയാക്‌സിനെ 2-3ന് തോല്‍പ്പിച്ചാണ് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!