യൂറോ കപ്പ്: ഒന്നാം റാങ്കിന്‍റെ വീറ് കാട്ടാന്‍ ബെല്‍ജിയം; എതിരാളികള്‍ റഷ്യ

By Web TeamFirst Published Jun 12, 2021, 9:13 AM IST
Highlights

ബെല്‍ജിയത്തിന്‍റേത് സുവർണ തലമുറയാണ്. പക്ഷേ, കിരീടങ്ങളൊന്നും കയ്യിലൊതുങ്ങിയിട്ടില്ല. ലോക ഫുട്ബോളിലെ ഒന്നാമൻമാരായി യൂറോ കപ്പിനെത്തുന്ന ബെൽജിയം നിരയ്‌ക്ക് ഇത് തിരുത്തേണ്ടതുണ്ട്. 

സെന്റ് പീറ്റേഴ്‌സ്‌ബർഗ്: ലോക ഒന്നാം നമ്പർ ടീമായി യൂറോ കപ്പിനെത്തുന്ന ബെൽജിയത്തിന് ഇന്ന് ആദ്യ പോരാട്ടം. ഗ്രൂപ്പ് ബിയിൽ രാത്രി പന്ത്രണ്ടരയ്‌ക്ക് നടക്കുന്ന മത്സരത്തിൽ റഷ്യയാണ് എതിരാളികൾ.

ബെല്‍ജിയത്തിന്‍റേത് സുവർണ തലമുറയാണ്. പക്ഷേ, കിരീടങ്ങളൊന്നും കയ്യിലൊതുങ്ങിയിട്ടില്ല. ലോക ഫുട്ബോളിലെ ഒന്നാമൻമാരായി യൂറോ കപ്പിനെത്തുന്ന ബെൽജിയം നിരയ്‌ക്ക് ഇത് തിരുത്തേണ്ടതുണ്ട്. സെന്റ് പീറ്റേഴ്‌സ്‌ബർഗ് സ്റ്റേഡിയത്തിൽ ചുവന്ന ചെകുത്താൻമാരുടെ ആരാധകർ കൊതിക്കുന്നത് കിരീട നേട്ടത്തിലെത്തുന്ന തുടക്കം. 

എല്ലാ കണക്കിലും ബെല്‍ജിയം

റഷ്യക്കെതിരെ മേധാവിത്വം റോബർട്ടോ മാർട്ടിനസിന്‍റെ സംഘത്തിന് തന്നെ. ശാരീരികക്ഷമത തെളിയിക്കാത്തതിനാൽ ഹസാർഡും ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയേറ്റ പരിക്ക് ഭേദമാകാത്തതിനാൽ ഡിബ്രൂയിനും ഇല്ലെന്നത് ശൂന്യതയാണ്. ഡ്രീസ് മെർട്ടൻസും റൊമേലു ലുക്കാക്കുവും അത് നികത്താൻ പോന്നവർ. ടൂർണമെന്റിലെ ഏറ്റവും പരിചയസമ്പന്ന നിരയാണ് ബെൽജിയത്തിന്റേത്. ടീമിലെ നാല് കളിക്കാർ നൂറ് മത്സരങ്ങൾ പിന്നിട്ടവർ. പത്ത് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ബെൽജിയം അടിച്ചുകൂട്ടിയത് നാൽപ്പത് ഗോളുകൾ. വഴങ്ങിയതാവട്ടെ രണ്ടെണ്ണം മാത്രം. മുന്നേറ്റവും മധ്യനിരയും ലോകോത്തരമെങ്കിലും പ്രതിരോധത്തിൽ വലിയ പേരുകളില്ല എന്നതിനെ ബെൽജിയത്തിന് മറികടക്കേണ്ടതുണ്ട്.

മറുവശത്ത് ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തുകയാണ് റഷ്യയുടെ ലക്ഷ്യം. ബെൽജിയത്തിനെതിരെ ഒരു സമനില പോലും അവരെ സന്തോഷിപ്പിക്കും. എതിരാളികളെ മുൾമുനയിൽ നിർത്തുന്ന പ്രത്യാക്രമണമാണ് ചെർഷെസോവിന്‍റെ സംഘത്തിന്റെ കരുത്ത്. മധ്യനിരയിൽ മികവ് കാട്ടുന്ന അലക്സാന്ദ്രേ ഗൊളോവിനിലാണ് ടീമിന്റെ പ്രതീക്ഷ. 

നേർക്കുനേർ പോരിൽ ബെൽജിയത്തിന് തന്നെ ആധിപത്യം. ഏറ്റുമുട്ടിയ ഏഴ് കളികളിലും റഷ്യക്ക് ജയിക്കാനായിട്ടില്ല. ഇത്തവണ യോഗ്യതാ റൗണ്ടിൽ നേർക്കുനേർ വന്നപ്പോഴും ബെൽജിയം നേടിയത് ഏകപക്ഷീയ ജയങ്ങൾ. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സെന്‍റ് പീറ്റേഴ്സ്ബർഗിൽ ആതിഥേയർക്ക് തന്നെയാവും നഷ്ടം. ബെൽജിയം പ്രതീക്ഷിക്കുന്നത് ഒന്നാന്തരം തുടക്കവും. 

നേര്‍ക്കുനേര്‍ ചരിത്രം

ബെൽജിയവും റഷ്യയും ഏഴ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. റഷ്യക്ക് ഒറ്റക്കളിയിലും ജയിക്കാനായിട്ടില്ല. അഞ്ചിലും ബൽജിയം ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. 2019ലാണ് ഇരു ടീമും അവസാനം ഏറ്റുമുട്ടിയത്. അന്ന് ബെൽജിയം ഒന്നിനെതിരെ നാല് ഗോളിന് റഷ്യയെ തോൽപിച്ചു. ബെൽജിയം ആകെ 15 ഗോൾ നേടിയപ്പോൾ റഷ്യ ഏഴ് ഗോളാണ് അടിച്ചത്.

Read more...

ഇമ്മൊബീലും ഇന്‍സിഗ്നെയും വല കുലുക്കി; ഇറ്റാലിയന്‍ മുന്നേറ്റത്തില്‍ തുര്‍ക്കി തകര്‍ന്നടിഞ്ഞു

യൂറോ കപ്പ്: ബെൽജിയത്തിന്റെ ആദ്യ മത്സരത്തിന് ഡിബ്രൂയിനില്ല

ആറ് വിദേശ താരങ്ങളെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!