ബ്രസല്‍സ്: യൂറോ കപ്പിൽ റഷ്യക്കെതിരായ ബെൽജിയത്തിന്റെ ആദ്യ മത്സരത്തിൽ സൂപ്പർ താരം കെവിൻ ഡിബ്രൂയിൻ കളിക്കില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ കണ്ണിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ഡിബ്രൂയിൻ തിങ്കളാഴ്ചയെ ബെൽജിയൻ ടീമിനൊപ്പം ചേരുകയുള്ളൂവെന്നും ടീം അധികൃതർ വ്യക്തമാക്കി. ഡിബ്രൂയിനൊപ്പം മറ്റൊരു മധ്യനിര താരം ആക്സല് വിറ്റ്സലും ആദ്യ മത്സരത്തിനായി റഷ്യയിലേക്ക് പോവില്ല. ഇരുവരും ബെൽജിയത്തിലെ പരിശീലന ക്യാംപിൽ തുടരും.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഡിബ്രുയിന് ചാമ്പ്യൻസ് ലീ​ഗ് ഫൈനലിനിടെ ചെൽസി താരം അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ചാണ് മൂക്കിനും കൺതടത്തിനും പരിക്കേറ്റത്. ഇതോടെ മത്സരത്തിൽ നിന്ന് ഡിബ്രൂയിന് പിൻമാറേണ്ടി വന്നിരുന്നു. ഗ്രൂപ്പ് ബിയിൽ റഷ്യക്കെതിരെ ശനിയാഴ്ചയാണ് ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഡെൻമാർക്കും ഫിൻലൻഡുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.

ഡിബ്രൂയിന് പുറമെ ഏഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, യാനിക് കരാസ്‌കോ, തിബോത് കോർട്ടോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ച 26 അംഗ ടീമിലുണ്ട്. ഫുട്ബോൾ ലോക റാങ്കിം​ഗിൽ ഒന്നാം സ്ഥാനക്കാരാണ് നിലവിൽ ബെൽജിയം.