ജയിച്ചേ പറ്റൂ; യൂറോയില്‍ സ്‌പെയ്‌നും പോളണ്ടിനും നിലനില്‍പിന്‍റെ പോരാട്ടം

By Web TeamFirst Published Jun 19, 2021, 1:47 PM IST
Highlights

ഗ്രൂപ്പ് ഇയില്‍ ഒരു പോയിന്‍റുമായി സ്‌പെയ്‌ന്‍ മൂന്നും അക്കൗണ്ട് തുറക്കാതെ പോളണ്ട് അവസാന സ്ഥാനത്തുമാണ്.

സെവിയ്യ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയില്‍ സ്‌പെ‌യ്ൻ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ പോളണ്ടാണ് എതിരാളികൾ. സെവിയ്യയിലാണ് മത്സരം. ടൂര്‍ണമെന്‍റില്‍ കാല്‍ ചവിട്ടി നില്‍ക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. 

ഗോളടി പ്രതിസന്ധി

സ്വീഡനെതിരെ ഗോളില്ലാ സമനിലയോടെ തുടങ്ങിയ മുൻ ചാമ്പ്യന്‍മാരായ സ്‌പെയ്‌ന് ഗോളടിവീരൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെതിരെ ഗോളും പോയിന്റും വേണം. സ്ലോവാക്യയോട് തോറ്റ പോളണ്ടിനും നിലനിൽപിന്റെ പോരാട്ടമാണിന്ന്. ഗ്രൂപ്പ് ഇയില്‍ ഒരു പോയിന്‍റുമായി സ്‌പെയ്‌ന്‍ മൂന്നും അക്കൗണ്ട് തുറക്കാതെ പോളണ്ട് അവസാന സ്ഥാനത്തുമാണ്.

എതിരാളികളെ കാഴ്‌ചക്കാരാക്കി പന്ത് കൈമാറുന്നുണ്ടെങ്കിലും മൊറാട്ടയ്‌ക്കും ടോറസിനും ഡാനി ഒൽമോയ്‌ക്കും ഉന്നം പിഴയ്‌ക്കുന്നതാണ് സ്‌പാനിഷ് പ്രതിസന്ധി. ലാ ലീഗയിലെ ഗോളടി മികവുമായി ജെറാ‍‍‍ർഡോ മൊറേനോ അവസരം കാത്തിരിക്കുകയാണ്. യുവതാരം പെഡ്രിക്ക് പകരം തിയാഗോ അൽകാന്‍റ‌യ്‌ക്ക് അവസരം നൽകിയേക്കും. 

കൊവിഡ് മാറി ബുസ്‌കറ്റ്‌സ്

നായകൻ സെർജിയോ ബുസ്‌കറ്റ്സ് കൊവിഡ് മുക്തനായത് സ്‌പെയ്‌ന് ആശ്വാസമാണ്. ബുസ്‌കറ്റ്‌സ് പോളണ്ടിനെതിരെ കളിക്കും എന്നാണ് പ്രതീക്ഷ. ജൂണ്‍ ആറിന് ട്രെയിനിംഗ് ക്യാമ്പിനിടെയാണ് ബുസ്‌കറ്റ്‌സിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഏതുമില്ലാതിരുന്ന താരം ബാഴ്‌സലോണയിലെ വീട്ടില്‍ പരിശീലനം നടത്തുന്നുണ്ടായിരുന്നു. വീട്ടില്‍ 12 ദിവസത്തെ ക്വാറന്‍റീന്‍ താരം പൂര്‍ത്തിയാക്കി. 

മുന്‍ കണക്കില്‍ സ്‌പെയ്‌ന്‍ മുമ്പന്‍മാര്‍

അതേസമയം പോളണ്ടിന്‍റെ പ്രതീക്ഷകളെല്ലാം നീളുന്നത് ലെവൻഡോവ്‌സ്‌കിയിലേക്കാണ്. ഇതുതന്നെയാണ് പോളണ്ടിന്റെ വെല്ലുവിളിയും. ഇരുടീമും 10 കളിയിൽ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ സ്‌പെയ്‌ന് വ്യക്തമായ ആധിപത്യമുണ്ട്. സ്‌പെയ്ൻ എട്ട് മത്സരങ്ങളില്‍ ജയിച്ചപ്പോൾ പോളണ്ട് ചിരിച്ചത് ഒരിക്കൽ മാത്രമെന്നതാണ് ചരിത്രം. ഒരു കളി സമനിലയിൽ അവസാനിക്കുകയും ചെയ്‌തു.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: ഹങ്കറി കീഴടക്കാന്‍ ഫ്രഞ്ച് പട, ലക്ഷ്യം പ്രീ ക്വാര്‍ട്ടര്‍; പോരാട്ടം വൈകിട്ട്

ഇന്നും സ്റ്റേഡിയം കുലുങ്ങും; യൂറോയില്‍ പോര്‍ച്ചുഗല്‍-ജര്‍മനി അങ്കം

ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സൺ ആശുപത്രി വിട്ടു
    

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!