യൂറോ കപ്പ്: ഹങ്കറി കീഴടക്കാന്‍ ഫ്രഞ്ച് പട, ലക്ഷ്യം പ്രീ ക്വാര്‍ട്ടര്‍; പോരാട്ടം വൈകിട്ട്

By Web TeamFirst Published Jun 19, 2021, 12:35 PM IST
Highlights

ജർമനിയോട് ഒറ്റ ഗോളിന് രക്ഷപ്പെട്ടതിന്റെ ക്ഷീണം തീർക്കുകയാണ് ലോക ചാമ്പ്യമാരായ ഫ്രാൻസിന്‍റെ ലക്ഷ്യം. അതിലൂടെ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയും മനസിലുണ്ട്. 

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസ് ഇന്നിറങ്ങും. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ഹങ്കറിയാണ് എതിരാളികൾ. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അറീനയിലാണ് മത്സരം. 

സ്വന്തം തട്ടകമായ പുഷ്‌കാസ് അറീനയിൽ ഹങ്കറി ഒരിക്കൽക്കൂടി ഇറങ്ങുകയാണ്. പോർച്ചുഗലിനോട് മൂന്ന് ഗോളിന് തോറ്റതിന്‍റെ ക്ഷീണത്തില്‍ നിന്ന് കരകയറുകയാണ് ലക്ഷ്യം. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെ ഇരമ്പിയാർക്കുന്ന ആരാധകരുടെ പിന്തുണയ്‌ക്കൊത്ത് പന്ത് തട്ടിയില്ലെങ്കിൽ യൂറോയിൽ ഹങ്കറിയുടെ വഴിയടയും. 

അതേസമയം ജർമനിയോട് ഒറ്റ ഗോളിന് രക്ഷപ്പെട്ടതിന്‍റെ ക്ഷീണം തീർക്കുകയാണ് ലോക ചാമ്പ്യമാരായ ഫ്രാൻസിന്‍റെ ലക്ഷ്യം. അതിലൂടെ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയും മനസിലുണ്ട്. കടലാസിലെ കരുത്ത് കളിയിലേക്കും കാലിലേക്കും കൊണ്ടുവരികയാണ് പ്രധാനം. കിലിയൻ എംബാപ്പേ, അന്‍റോയ്ൻ ഗ്രീസ്‌മാൻ, കരീം ബെൻസേമ എന്നിവർ ഗോളിനായി നിരന്തരം ആക്രമണം അഴിച്ചുവിടുമെന്നുറപ്പ്. ഇവ‍‍ർക്ക് പിന്നിൽ യന്ത്രങ്ങളെ തോൽപിക്കുന്ന കൃത്യതയുമായി എൻഗോളെ കാന്‍റെയും പോൾ പോഗ്‌ബയും കളി നിയന്ത്രിക്കുമ്പോൾ ഹങ്കറിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.

ഫ്രാന്‍സിന് ആശ്വാസക്കണക്കുകള്‍ 

പോ‍ർച്ചുഗലിനെതിരെ പുറത്തെടുത്ത പ്രതിരോധ തന്ത്രം തന്നെയാവും ആതിഥേയരുടെ ആശ്രയം. ഹങ്കറിയെ തോൽപിച്ച് പോ‍‍ർച്ചുഗലിനെതിരായ പോരാട്ടിന് മുൻപ് മരണഗ്രൂപ്പിൽനിന്ന് അവസാന പതിനാറിൽ ഇടംപിടിക്കുകയാവും ഫ്രാൻസിന്‍റെ ലക്ഷ്യം. ഇരു ടീമും 23 കളിയിൽ മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഹങ്കറി പന്ത്രണ്ടിലും ഫ്രാൻസ് എട്ടിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ അവസാനിച്ചു. 16 വ‍ർഷം മുൻപ് സൗഹൃദമത്സരത്തിലാണ് അവസാനം ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന് ജയം ഫ്രാൻസിനൊപ്പം നിന്നു.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സൺ ആശുപത്രി വിട്ടു

ഇംഗ്ലണ്ടിനെ വിറപ്പിച്ചു; സ്‌കോട്‌ലന്‍ഡിന് വിജയതുല്യമായ സമനില

ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില; യൂറോയില്‍ മോഡ്രിച്ചും സംഘവും പരുങ്ങലില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!