
വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് വമ്പൻ പോരാട്ടം. ഇംഗ്ലണ്ട് മുൻ ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക.
ജർമനിയും ഇംഗ്ലണ്ടും വിഖ്യാത വെംബ്ലി സ്റ്റേഡിയത്തില്‍ വീണ്ടും മുഖാമുഖമെത്തുകയാണ്. പ്രീ ക്വാർട്ടറെങ്കിലും ഫൈനലിന്‍റെ വീറും വാശിയും ഉറപ്പ്. വേഗവും കരുത്തും കൃത്യതയും ഒത്തുചേർന്ന താരനിരയാണ് ഇരുവശത്തും അണിനിരക്കുന്നത്. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ഗേറ്റ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത 4-2-3-1 ഫോർമേഷനിലാണ് വിശ്വസിക്കുന്നത്.
ജർമൻ കോച്ച് യോക്വിം ലോയും സമാന ചിന്താഗതിക്കാരൻ. ലോ ആശ്രയിക്കുന്നത് 3-4-2-1 ഫോർമേഷനില്‍. ഇംഗ്ലണ്ട് ഹാരി കെയ്നെയും ജർമനി സെർജി ഗ്നാബ്രിയേയും ഗോളിലേക്ക് ഉന്നം വയ്ക്കും. കിമ്മിച്ചും ക്രൂസും ഗോരെസ്കയും ഹാവെർട്സും ഗുൺഡോഗനും മുള്ളറുമടങ്ങിയ പരിചയമ്പന്നരായ മധ്യനിരയാണ് ജർമനിയുടെ കരുത്ത്.
അതേസമയം സ്റ്റെർലിംഗ്, ഫോഡൻ, ഗ്രീലിഷ്, മൗണ്ട്, റീസ് എന്നിവരുടെ ചുറുചുറുക്കിലൂടെയാവും ഇംഗ്ലീഷ് മറുപടി. ഗോൾവലയത്തിന് മുന്നിൽ ജർമനി മാനുവൽ നോയറെ വിശ്വസിക്കുമ്പോൾ ജോർദാൻ പിക്ഫോർഡാണ് ഇംഗ്ലണ്ടിന്‍റെ കാവൽക്കാരൻ. 1996ലെ യൂറോ കപ്പ് സെമിയിൽ ജർമനിയോടേറ്റ തോൽവിക്ക് അതേ വെംബ്ലിയിൽ പകരംവീട്ടാനാണ് ഗാരെത് സൗത്ഗേറ്റിന്റെ ഇംഗ്ലണ്ട് ഇറങ്ങുന്നത്.
പോർച്ചുഗലിന്‍റെ വലയിൽ നാല് ഗോളടിച്ചുകയറ്റിയ ജർമനി ഉഗ്രരൂപം പുറത്തെടുത്താൽ ഒറ്റ ഗോൾ വിജയങ്ങളുമായി മുന്നേറുന്ന ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കുക എളുപ്പമാവില്ല.
യൂറോ കപ്പിൽ ഇന്നത്തെ രണ്ടാമത്തെ പ്രീ ക്വാർട്ടറിൽ സ്വീഡൻ, ഉക്രൈനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമും നാല് കളികളിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ഉക്രൈനായിരുന്നു ജയം. സ്വീഡൻ ജയിച്ചത് 2011ലെ സൗഹൃദമത്സരത്തിൽ മാത്രം. 2012ലെ യൂറോ കപ്പിൽ ഉക്രൈൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വീഡനെ തോൽപിച്ചിരുന്നു. ഇപ്പോഴത്തെ കോച്ച് ആന്ദ്രേ ഷെവ്ചെങ്കോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു അന്ന് ഉക്രൈന്‍റെ ജയം.
കൂടുതല്‍ യൂറോ വാർത്തകള്‍...
സിനിമയെ വെല്ലുന്ന ത്രില്ലര്‍; വിറപ്പിച്ച് ക്രൊയേഷ്യ കീഴടങ്ങി, സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍
എന്നാലും ഇങ്ങനെയുണ്ടോ ഒരു ഗോള്‍! സ്പാനിഷ് ഗോളി ഉനൈ സിമോണിന് സംഭവിച്ച അബദ്ധം കാണാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!